കൊച്ചി: വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി നല്കുന്ന നാരായണനെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കീ ബാത്തിലാണ് പ്രധാനമന്ത്രി എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ നാരായണനെ അഭിനന്ദിച്ചത്.
പക്ഷിമൃഗാദികള്‍ക്ക് കരുതലൊരുക്കുന്ന നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി.
2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന് തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളം കിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്പാത്രങ്ങളില് വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന് സൗജന്യമായി വിതരണം ചെയ്തത്.
ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ‘ദി ഷൈനിങ് വേള്‍ഡ് കംപാഷന്‍’ പുരസ്കാരം 2020-ല്‍ ലഭിച്ചിരുന്നു. ഫലകവും 7.20 ലക്ഷം രൂപയാണ് പുരസ്കാരത്തുകയും അടങ്ങിയതായിരുന്നു പുരസ്കാരം.
Discussion about this post