പയ്യോളി: യാത്രക്കാരന്‍ ബസ്സില്‍ മറന്നുവച്ച ഒന്നരലക്ഷം രൂപ ഉടമയ്ക്ക് തന്നെ തിരിച്ചുനല്‍കി മാതൃകയായി കണ്ടക്ടര്‍. കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്ടറായ നല്ലോളി പ്രദീപന്‍ ആണ് സത്യസന്ധത കൊണ്ട് കൈയ്യടി നേടുന്നത്.
21ന് രാത്രി ബസ് ട്രിപ്പ് അവസാനിച്ചപ്പോള്‍ പിന്നിലെ സീറ്റിനടിയില്‍ നിന്നാണ് പ്രദീപന് സഞ്ചി കിട്ടുന്നത്. സഞ്ചിയില്‍ കൈയിട്ടപ്പോള്‍ ബദാമും സ്പ്രൈയും ലഭിച്ചു. ഉടമ വന്നാല്‍ കൊടുക്കാനായി സഞ്ചി ബസിലെ പെട്ടിയില്‍ സൂക്ഷിച്ചു.
24-ന് ബസ് സമരം തുടങ്ങുന്നതിനാല്‍ 23-ന് രാത്രി സഞ്ചി പ്രദീപന്‍ വീട്ടിലേക്ക് എടുത്തു. ബദാം പരിപ്പ് വെറുതെയാക്കരുത് എന്നതായിരുന്നു വിചാരം. വീട്ടിലെത്തി കുളിയും മറ്റും കഴിഞ്ഞ് സഞ്ചി വിശദമായി പരിശോധിച്ചപ്പോഴാണ് ഒന്നരലക്ഷം രൂപയും കിട്ടുന്നത്. 500-ന്റെ മൂന്ന് കെട്ടുകള്‍.
സഞ്ചിയില്‍ ബാങ്ക് പാസ്ബുക്കും എടിഎം കാര്‍ഡും പണം പിന്‍വലിച്ച രശീതിയുമെല്ലാം ഉണ്ടായിരുന്നു. രശീതിയിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്യം പറഞ്ഞു. സഞ്ചിയുടെ ഉടമ മൂരാട് നടുവിലെ വള്ളുവശ്ശേരി ശ്രീജിത്ത് ആയിരുന്നു.
എവിടെയാണ് പണം നഷ്ടപ്പെട്ടതെന്ന് അറിയാതെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു ശ്രീജിത്ത്. ആ രാത്രി തന്നെ ശ്രീജിത്തിന് പ്രദീപ് തുക കൈമാറി.
Discussion about this post