പത്തനംതിട്ട: കുഞ്ഞിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയെയും കുടുംബത്തേയും വാടകവീട്ടില്‍ താമസിപ്പിച്ചു. ഒടുക്കം പ്രസവശേഷം കുഞ്ഞിനെ വിട്ടുകൊടുക്കില്ലെന്ന് നൊന്തുപെറ്റ അമ്മ. തര്‍ക്കത്തിനൊടുവില്‍ പിഞ്ചുകുഞ്ഞിനെ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയിലെടുത്തു.
മാസങ്ങള്‍ മുമ്പ് പന്തളം സ്വദേശിനിയും യുവാവും തങ്ങളുടെ കുഞ്ഞിനെ പ്രസവശേഷം യുവാവിന്റെ കൂട്ടുകാരനായ കൃഷ്ണന്‍കുട്ടിക്കും ഭാര്യക്കും കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുവാവിന് വേറെ ഭാര്യയും രണ്ടു മക്കളുമുണ്ട്. പന്തളം സ്വദേശിനിക്ക് 17 വയസുള്ള മകനും ഉണ്ട്.
പ്രസവശേഷം കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയില്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും ഇവര്‍ക്ക് വീട് എടുത്ത് കൊടുത്തു വേണ്ട സഹായവും ചെയ്തു, ഒരുമിച്ച് താമസിക്കുകയും ചെയ്തു. പ്രസവത്തിനു പന്തളം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യയുടെ പേരില്‍ ആയിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പേരായി കൃഷ്ണന്‍കുട്ടിയുടെ ഭാര്യയുടെ പേര് റജിസ്റ്ററില്‍ രേഖപ്പെടുത്തപ്പെടുകയും ഈ പേരില്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജിലായി പന്തളം സ്വദേശിനിയും കുഞ്ഞും വീട്ടിലെത്തി, അതേസമയം കുഞ്ഞിന് പാലു നല്‍കാനോ ഒന്നു താലോലിക്കാനോ കൃഷ്ണന്‍കുട്ടിയും ഭാര്യയും അനുവദിച്ചില്ല. പകരം കുഞ്ഞിന് ഇവര്‍ പാല്‍പ്പൊടി കലക്കി കൊടുക്കുകയായിരുന്നു. ശേഷം പന്തളം സ്വദേശിനി പോലീസില്‍ പരാതിയുമായി ചെന്നു. എന്നാല്‍ ഇവിടെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതേസമയം താന്‍ പ്രസവിച്ച കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ അമ്മ മകനേയും എടുത്ത് രക്ഷപ്പെട്ടു. ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരായി. തുടര്‍മന്ന് അധികൃതര്‍ ഇവരെ മഹിളാ മന്ദിരത്തിലേക്കു മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്കി. നിയമവിരുദ്ധമായ ദത്ത് നല്‍കലിനുള്ള ശ്രമമായിരുന്നു എന്നത് കൃത്യമായ പോലീസ് അന്വേഷണത്തിലൂടെ ഉറപ്പാക്കേണ്ടതുണ്ട്.
Discussion about this post