കാസർകോട്: സ്വന്തം ഇല്ലത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ഈ ദുരനുഭവമുണ്ടായത്. ക്ഷേത്രാധികാരികളാണ് പ്രിയേഷിനെ വിലക്കിയത്.
ആചാനൂർ കുറുമ്പ ക്ഷേത്ര സ്ഥാനികൻ ബാലൻ കൂട്ടിയിക്കാരന്റെ മകനാണ് പ്രിയേഷ്. ബാലന്റെ മരണാനന്തര ചടങ്ങുകളിൽ നിന്നാണ് മകനെ സമുദായ അധികാരികൾ മാറ്റിനിർത്തിയത്. ഇതോടെ തറവാട്ടുവളപ്പിൽ നടന്ന സംസ്‌കാര ചടങ്ങിൽ പ്രിയേഷിന് പകരം ബാലന്റെ സഹോദര പുത്രനാണ് ചടങ്ങുകൾ നിർവഹിച്ചത്.
അതേസമയം, സമുദായ തീരുമാനപ്രകാരമാണ് പ്രിയേഷിനെ ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തിയതെന്നും വർഷങ്ങളായുള്ള ആചാരത്തിന്റെ ഭാഗമായാണ് പ്രിയേഷിനെ മാറ്റിനിർത്തിയതെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായ തീരുമാനം ഉണ്ടായിട്ടില്ലെന്നും അചാനൂർ കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികൻ കണ്ണൻ കാരണോരച്ഛൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സമുദായ അധികാരികളിൽ നിന്നും മകന് നേരിടേണ്ടി വന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ അമ്മ പറഞ്ഞു. സംഭവത്തിൽ പ്രിയേഷ് കാഞ്ഞങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.