കൊച്ചി; ഒടുവിൽ രോഗത്തോട് പൊരുതിത്തളർന്ന് അഥീന ജോൺ ലോകത്തോട് വിടപറഞ്ഞു. 28 വയസ്സായിരുന്നു. ബ്രെയിൻ സ്റ്റെം കാൻസർ എന്ന അപൂർവ രോഗമായിരുന്നു അഥീനയെ പിടികൂടിയിരുന്നത്. നടി സീമ.ജി.നായരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് അഥീന മലയാളികൾക്ക് പരിചിതയായത്.
രോഗം മാറി, അഥീന ജീവിതത്തിലേക്ക് മടങ്ങി വരാൻ പ്രാർഥനയായിരുന്നു കേരളം. എന്നാൽ ഈ പ്രാർത്ഥനകളെ വിഫലമാക്കി കൊണ്ടായിരുന്നു അഥീനയുടെ മടക്കം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;
അഥീന വിടരും മുൻപേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൾ… കുറെ നാളുകൾക്കു മുന്നേ അഥീന മോളുടെ അമ്മ ബിൻസിയുടെ ഫോൺ കാൾ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പർ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോർമയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂൻ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാൻ പോയ ദിവസം ആയിരുന്നു. ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു. അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു ‘ശരണ്യയെ പോലെ അഥീന’ എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. നെല്ലിക്കുഴി പീസ് വാലിയിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാൾ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാൻ എനിക്ക് സാധിച്ചില്ല. ഇന്നലെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കമായി. സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവൾ യാത്രയായി. 18 ന് കാണാൻ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ. എന്നെ നോക്കി അവൾ നിഷ്കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും…