കൊണ്ടോട്ടി: ബൈപ്പാസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിങ്ങ് ഓഫീസറായ സി. വിജി ആണ് അപകടത്തിൽ മരിച്ചത്. 26 വയസായിരുന്നു. വിജിയുടെ അപ്രതീക്ഷിത വിയോഗം പിറന്നാൾ ദിനത്തിലായത് കുടുംബത്തെ സങ്കട കടലിലാഴ്ത്തുന്നു. വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തി പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. വിജിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചു. വെൽഫെയർപ്പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്റെ മകളാണ് വിജി. നാല് മാസം മുൻപായിരുന്നു വിജി വിവാഹിതയായത്. ഒഴുകൂർ പോസ്റ്റുമാൻ നരവത്ത് സുജീഷാണ് വിജിയുടെ ഭർത്താവ്. അമ്മ: കുനിയിൽ അങ്കണവാടി ഹെൽപ്പർ ദേവകി. സഹോദരിമാർ: ഷിജിരിയ (അരീക്കോട്), ലിജി (പൂക്കോട്ടൂർ).
ബൈപ്പാസ് റോഡിൽ പെടോൾപ്പമ്പിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. മഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസിൽ മലപ്പുറം ഭാഗത്തേക്കുവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറയൂരിൽനിന്നാണ് വിജി ബസിൽ കയറിയത്. ഭർത്താവ് സുജീഷാണ് ഇവരെ ഒഴുകൂരിൽനിന്ന് മൊറയൂരിൽ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസിൽ കയറ്റിവിട്ടത്.
വിജി ഉൾപ്പെടെയുള്ളവരെ സാഹസികമായാണ് രക്ഷാപ്രവർത്തകർ ബസിനുള്ളിൽനിന്ന് പുറത്തെടുത്തത്. കൊണ്ടോട്ടി പോലീസ് ആണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വംനൽകിയത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലും തൃക്കളയൂരിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിനു വെച്ചശേഷം ഭർത്തൃവീടായ ഒഴുകൂരിലെ നെരവത്ത് വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു.