തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒപിയിൽ ചികിത്സയ്ക്കായി രോഗികളിൽ നിന്നും കൈക്കൂലി വാങ്ങിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയ്ക്കിടെ ഓർത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കൽ നിന്ന് 2800 രൂപ വിജിലൻസ് പിടിച്ചെടുത്തു.
ഈ പണം രോഗികളിൽ നിന്ന് വാങ്ങിയതാണെന്ന് വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം ഒപിയിലായിരുന്നു വിജിലൻസ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടർക്ക് രോഗികൾ പണം നൽകുന്നതിന്റെ തെളിവുകൾ പരിശോധന സംഘം കണ്ടെത്തി.
also read- മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് ഒരുക്കങ്ങൾക്കിടെ അച്ഛന് ഷോക്കേറ്റു; ദാരുണമരണം
മുമ്പും ഈ ഡോക്ടറെ കുറിച്ച് പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലൻസ് സംഘം പറഞ്ഞു. ഡിവൈഎസ്പിമാരായ വി അജയകുമാർ, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡോക്ടർക്കെതിരെ വിജിലൻസ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തന്നെ തുടർനടപടിയെടുക്കുന്നത്.