മുണ്ടൂർ: മകളുടെ വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ തലേദിവസം അച്ഛൻ ഷോക്കേറ്റുമരിച്ചു. എഴക്കാട് വടക്കേക്കരവീട്ടിൽ പരേതരായ മലയന്റെയും കാളിയുടെയും മകൻ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു ദാരുണ സംഭവം.
വ്യാഴാഴ്ച വീട്ടിൽ നടക്കേണ്ടിയിരുന്ന മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് കനത്ത വേനൽമഴയും മിന്നലോടുകൂടിയ ഇടിയും ഉണ്ടായിരുന്നതിനാൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു.
തുടർന്ന് വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയർ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേൽക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കനത്ത മഴയത്ത് വീടിനുചുറ്റും വെള്ളവും ഉണ്ടായിരുന്നു. ഷോക്കേറ്റയുടൻ ബന്ധുക്കൾ വൈദ്യുതി വിച്ഛേദിച്ച് കോങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ കമലം. മക്കൾ: സജിത, സബിത, സൗമ്യ, ശരണ്യ. മരുമക്കൾ: പ്രേമൻ, ചന്ദ്രൻ. സഹോദരങ്ങൾ: ചാമി, തങ്കമാളു. സംസ്കാരം വ്യാഴാഴ്ച.
Discussion about this post