സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം പലയിടത്തും ശക്തമാവുകയാണ്. കെ റെയിലിനായി സ്ഥാപിച്ച കുറ്റികൾ പിഴുതെറിഞ്ഞും വൻ പ്രതിഷേധം അരങ്ങേറുമ്പോൾ തന്റെ ആകെയുള്ള സമ്പാദ്യം കെ റെയിലിനായി വിട്ടുകൊടുത്തിരിക്കുകയാണ് മാമല മുരിയമംഗലം മോളത്ത് വീട്ടിൽ സജിലും പിതാവ് ശിവനും. 23 സെന്റ് സ്ഥലവും രണ്ട് വീടുമാണ് കെ റെയിലിനായി ഇവർ നൽകുന്നത്.
കേരളം പിന്നോട്ടല്ല മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് സജിലിനും കുടുംബത്തിനും ഉള്ളത്. ഈ തീരുമാനത്തിന് അമ്മയുടേയും ഭാര്യുടേയും പൂർണ്ണ പിന്തുണ കൂടിയുണ്ട്. ജനിച്ച് വളർന്ന വീടും സ്ഥലവുമാണ്. വിട്ടുനൽകാൻ വിഷമമുണ്ട്. എന്നാൽ നാടിന് ഗുണമുള്ള പദ്ധതിയല്ലേയെന്നാണ് സജിൽ പറയുന്നത്. ദേശീയപാത വികസനം പല വെല്ലുവിളികളും അതിജീവിച്ചാണ് പ്രാവർത്തികമായത്. അതുപോലെ കെ റെയിലും സാധ്യമാകുമെന്നും സജിൽ കൂട്ടിച്ചേർത്തു.
നഷ്ടപരിഹാര പാക്കേജിനേക്കുറിച്ച് സർക്കാർ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെനും സജിൽ പറയുന്നു. ഇതോടൊപ്പം ചില അയൽവാസികളും ഇവരുടെ നിലപാടിനോട് ചേർന്ന് സ്ഥലം വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജനകീയ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് ഇന്നും ഇന്നും സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം താൽക്കാലികമായി അവസാനിപ്പിച്ചത്. വിവരശേഖരണവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.