നാദാപുരം: 30 വർഷത്തെ നീണ്ട ഇടവേളക്കുശേഷം സ്ത്രീകൾക്ക് നാദാപുരം പള്ളി കാണാൻ അധികൃതർ അവസരം ഒരുക്കിയിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയതെങ്കിലും തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ചയും പള്ളി സന്ദർശിക്കാൻ സ്ത്രീകൾക്ക് അനുമതി ലഭിക്കും.
അതേസമയം, ഏറെ നാളുകൾക്ക് ശേഷം സന്ദർശനത്തിന് അനുമതി ലഭിച്ചതോടെ നാദാപുരം വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്ത്രീകൾ കൂട്ടമായി ഒഴുകിയെത്തി. രാവിലെ എട്ടു മണി മുതൽതന്നെ പള്ളി കാണാനായി ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയിരുന്നു.
തിരക്ക് കൂടിയതോടെ നാദാപുരം ടൗൺ ഗതാഗതക്കുരുക്കിലും പെട്ടു. ഇതോടെ ട്രാഫിക്ക് നിയന്ത്രണത്തിന് നാദാപുരം ഡിവൈഎസ്പി ടിപി ജേക്കബ് തന്നെ രംഗത്തിറങ്ങി.
നൂറു വർഷത്തിലധികം പഴക്കമുണ്ട് നാദാപുരത്തെ വലിയ ജുമുഅ പള്ളിക്ക്. പള്ളിയിൽ നിരവധി മുൻകാല പണ്ഡിതരുടെ മഖ്ബറകളുണ്ട്. സുന്നീ പണ്ഡിതരുടെ നേതൃത്വത്തിൽ ഇവിടെ പ്രത്യേക പ്രാർഥനകളും നടന്നു. സ്ത്രീകൾക്ക് സൗകര്യങ്ങളൊരുക്കാൻ വനിത വളന്റിയർമാരും ഉണ്ടായിരുന്നു.