ഒല്ലൂർ: വിവാഹം കഴിഞ്ഞ് പിറ്റേദിവസം കായലയിൽ ചാടി നവവരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കറിന്റെ മകൻ ധീരജ്(37) മരിച്ച സംഭവത്തിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തെത്തിയിരിക്കുന്നത്.
കാണാതായ ധീരജിനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു ധീരജും മരോട്ടിച്ചാൽ പഴവള്ളം സ്വദേശിനിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ അന്ന് നടന്ന പാർട്ടിയ്ക്കിടെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പേരിൽ ധീരജ് ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഇത് മാത്രമാണോ മരണത്തിന് കാരണമെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടർ എടുത്ത് മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും പോയി. രാത്രിയായിട്ടും ധീരജ് വീട്ടിലെത്താതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ചേറ്റുവപ്പുഴയിലെ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിലാണ് യുവാവിന്റെ മൃതദേഹം കുടുങ്ങിയത്. രാത്രിയോടെ പുഴയിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.
വിദേശത്ത് ലുലു ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ധീരജ്. വിവാഹത്തിനായി പത്ത് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ഇതിനിടെയാണ് ദാരുണമരണമുണ്ടായത്.