ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ശ്രീകണ്ഠപുരം എസ്.സി. ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷൻ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചനയാണ് മരണപ്പെട്ടത്. 45 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് ദാരുണമായ അപകടം നടന്നത്.
തളിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. ഈ സമയം, റോഡിലേയ്ക്ക് കാഞ്ചന തെറിച്ചുവീണു. ഉടനടി ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.എം. തെക്കേമൂല ബ്രാഞ്ചംഗവും ബാലസംഘം ഏരിയ എക്സിക്യൂട്ടീവംഗവുമാണ്.
നടുവിലിലെ കാരോന്തൻ നാരായണൻ നമ്പ്യാരുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: എം.ഇ.ബാലകൃഷ്ണൻ. മക്കൾ: ജിഷ്ണു, വൈഷ്ണവ്. മരുമകൾ: ഡിജിന. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം തെക്കേമൂല ചെന്താര കലാകായിക സമിതിയിലെ പൊതുദർശനത്തിനുശേഷം മൂന്നിന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.