മലപ്പുറം: കെറെയിലിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി കുറ്റിയടിക്കുന്നത് തടയുന്നത് തുടരുകയാണ്. മലപ്പുറം ജില്ലയിലുൾപ്പടെ പ്രതിപക്ഷം സമരവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ മലപ്പുറം തിരുനാവായയിൽ കെറെയിൽ വിരുദ്ധപ്രതിഷേധത്തിനിടയിൽ ‘ഞാൻ പാർട്ടി മെമ്പറാണ്, പക്ഷെ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കുന്നു’ എന്ന് ഒര വീട്ടമ്മ ഉറക്കെ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. വിവിധ ചാനലുകൾ ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ച വീട്ടമ്മ പാർട്ടി മെമ്പറല്ലെന്നും പ്രാദേശിക നേതൃത്വത്തിന് ഇങ്ങനെയൊരാളുടെ പാർട്ടി ബന്ധത്തെ കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായ ഷൈജു തിരുനാവായ. മാധ്യമങ്ങൾ പൊള്ളയും അസത്യവുമായ കാര്യങ്ങളാണ് പുറത്തുവിടുന്നതെന്നും ഷൈജു ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
‘#ഞാൻപാർട്ടിമെമ്പർആണ് ‘കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത cpim തിരുന്നാവായ ലോക്കൽ കമ്മിറ്റിക്കു കീഴിലെ പല്ലാറിൽ നിന്നാണ് ഒരു സ്ത്രീ സമരത്തിൽ പങ്കെടുത്തിരിക്കെ മാധ്യമങ്ങൾ വന്നപ്പോൾ അത്തരം ഒരു പ്രസ്താവന നടത്തിയത്, കേട്ടപാതി കേൾക്കാത്ത പാതി വലതുപക്ഷ മാധ്യമങ്ങൾ ( മനോരമ, media one, ഏഷ്യാനെറ്റ്, etc ) വാർത്ത നൽകിയത്.എന്നാൽ അങ്ങനെ ഒരു സ്ത്രീ പാർട്ടി മെമ്പർഷിപ്പിലുള്ള കാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ എനിക്കോ അവിടെത്തെ ബ്രാഞ്ചിനോ അറിയില്ല…
അപനിർമാണവാദികളായി മാറിയ മാധ്യമ എക്സ്ലൈറ്റുകളാണ് നിങ്ങൾ.. ഇവർ ഹാനികരമായ നിഷ്പക്ഷത ( pernicious neutrality ) യുടെ കപടമുഖം ധരിച്ചിരിക്കുന്നതായി കാണാം. ജനങ്ങളെ വിഡ്ഢികളാക്കി ചിന്താശൂന്യരാക്കി നിലനിർത്തുകയെന്നതാണ് പോസ്റ്റ് ട്രൂത്ത് കാലത്തെ മാധ്യമപ്രവർത്തനമെന്ന് ഇവർ കാണിച്ചു തരുകയാണ്.ജനകീയബോധം തലകീഴായി മറിയുന്നതുകൊണ്ടാണ് മതാധിപത്യവും തീവ്രവലതുപക്ഷ ബോധം തിരികെ വരുന്നതെന്ന് നാം അറിയാതിരുന്നു കൂട. ജോൺ ലൗ പറഞ്ഞത് പോലെ ‘നമ്മൾ അസംബന്ധങ്ങളുടെ കൊടുമുടിയിൽ ജീവിക്കുന്നതിനാൽ സത്യത്തെ മറച്ചു പിടിക്കുകയെന്നതാണ് പുതിയ ചാണക്യതന്ത്രം ‘, സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം ചതിവ്യവസായം ( treacherous industry ) ആണെന്നാണ് നാം മനസ്സിലാക്കേണ്ടത്. Political correctness നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല, എങ്കിലും വ്യാജോക്തി സംസ്കാര ( culture of mendacity ) ത്തിന്റെ ഭാഗമായി നിൽക്കുന്ന ഇത്തരം മാധ്യമങ്ങളാണ് ഈ വാർത്ത ഇങ്ങനെ നൽകുന്നത്.നാസീ ഭരണകാലത്ത് ജർമനിയുടെ പ്രചാരവേലാമന്ത്രിയായിരുന്ന ഗീബൽസ് ,ജനങ്ങളോട് നുണമാത്രം പറയുന്ന വ്യക്തിയായിരുന്നു. അതുപോലെ ( വ്യാജവൽക്കരണത്തിന്റെ വക്താക്കളായി ) കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ മാറികഴിഞ്ഞു.കാലഹരണപ്പെട്ടതെന്തും കുഴിച്ചു മൂടുന്ന ഒരു ചരിത്രം കേരള ജനതയ്ക്കുണ്ട് എന്ന ഓർമ്മയുണ്ടാകുന്നത് നന്നായിരിക്കും. മൗനത്തിന്റെ കരിമ്പടങ്ങൾക്കുള്ളിൽ തന്ത്രപൂർവ്വം ചുരുണ്ടും, അസംബന്ധ രാഷ്ട്രീയ ( bullshit politics ) ത്തിന് പേന കൊടുത്തും ജീവിക്കുന്നവരായി മാറുന്നതിനോട് എതിർപ്പുമാത്രമാണുള്ളത് …!
ഷൈജു തിരുനാവായ
Discussion about this post