കാസര്‍ഗോഡ്: ആഡംബര വിവാഹങ്ങളുടെ കാലത്ത് കാസര്‍കോട്ടെ പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നാടിനാകെ മാതൃകയായിരിക്കുകയാണ്. ആഡംബങ്ങളൊന്നും ഇല്ലാതെ കഴിഞ്ഞദിവസം ദേവി സാന്നിധ്യത്തില്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത് 19 വധൂവരന്മാരാണ്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രം നടക്കുന്ന പെരുതണ സമൂഹ വിവാഹ ചടങ്ങില്‍ പങ്കാളികളാകാന്‍ നിരവധി പേരാണ് എത്തിയത്.
ഇവിടുത്തെ വിവാഹ സദ്യയിലും ആഢംബരമുണ്ടാകില്ല. ചോറും, കറിയും പായസവും മാത്രം. ചന്ദ്രഗിരിക്ക് വടക്കുള്ള വാണിയ സമുദായ അംഗങ്ങള്‍ ഈ ക്ഷേത്രത്തില്‍വച്ച് മാത്രമെ വിവാഹിതരാകാവൂ എന്നാണ് ആചാരം. വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ പൂര്‍ണമായി അകറ്റി നിര്‍ത്തുക കൂടിയാണ് ലക്ഷ്യമെന്ന് സമുദായക്കാര്‍ പറയുന്നു.
വിവാഹത്തിന് 1000 രൂപ മാത്രമാണ് ക്ഷേത്രത്തിലെ ചെലവ്. വിവാഹ ചടങ്ങുകള്‍ക്കെത്തുന്നവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്. ഒരു ദിവസം 70 വിവാഹം പോലും ഇവിടെ നടന്നിരുന്നു. വിവാഹ ചടങ്ങുകളില്‍ എത്തുന്ന യുവതീ യുവാക്കള്‍ക്ക് തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അങ്ങനെ ഇരുവരും കണ്ട് ഇഷ്ടപ്പെട്ടാല്‍ അവര്‍ തമ്മിലുള്ള വിവാഹം അടുത്ത മുഹൂര്‍ത്തത്തില്‍ നടക്കും.
കൊട്ടും കുരവയുമായി നടക്കുന്ന ഈ സമൂഹ വിവാഹം നാടിന്റെ ഉത്സവമായി മാറാറുണ്ട്. ആഢംബരങ്ങളെല്ലാം ഒഴിവാക്കി 10,000ലധികം വധു വരന്മാരാണ് ഇതുവരെ കുമ്പള പെരുതണയിലെ മുച്ചിലോട്ട് ക്ഷേത്രത്തില്‍ വരണമാല്യം ചാര്‍ത്തിയത്.
വിവാഹ ആഡംബരം വിമര്‍ശന വിധേയമാകുന്ന ഈ കാലത്ത് ഒരേ വേദിയില്‍ പല ജീവിതങ്ങള്‍ ഒത്തുചേരുകയാണ് ഇവിടെ. ദക്ഷിണേന്ത്യയില്‍ ആദ്യമായി സമൂഹ വിവാഹം ആരംഭിച്ചത് ഈ ക്ഷേത്ര അങ്കണത്തിലാണ്.