കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ദിലീപിന് അന്വേഷണ സംഘം നോട്ടീസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയെങ്കിലും ദിലീപിനെ ഇതുവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല.
അതേസമയം, കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കി കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്തി വരികയായിരുന്നു. ഇതിനിടെ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യത്തിലാണ് തതുടരന്വേഷണം നടത്തുന്നത്.
കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിട്ട് രണ്ട് മാസമായെങ്കിലും മറ്റ് തെളിവുകൾ ശേഖരിക്കുന്നതിലായിരുന്നു ക്രൈംബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ദിലീപിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വധഗൂഢാലോചന കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ ഹൈകോടതി മൂന്നു ദിവസം അനുവദിച്ചിരുന്നു.