ആലുവ: ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിനിയായ പി പത്മ സുബ്ബറാവുവിന് കേരളത്തിൽ വേരുകളൊന്നുമില്ല, എന്നിട്ടും കേരള ഭാഗ്യക്കുറിയിലൂടെ 25 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. ഇതിന് തുണയായത് പത്മയുടെയും സ്മിജയുടെയും സന്മനസ് തന്നെയാണ്. മുമ്പ് സ്മിജ ചെയ്ത നന്മ അറിഞ്ഞ് വിളിച്ച് അഭിനന്ദിക്കുകയും സ്ഥിരമായി ലോട്ടറി ടിക്കറ്റ് സ്മിജയുടെ കൈയ്യിൽ നിന്നും വാങ്ങിക്കുകയും ചെയ്ത നന്മയിലൂടെയാണ് പത്മ വിജയിയായത്.
ഒടുവിൽ സമ്മർ ബംപറിൽ രണ്ടാം സമ്മാനമായ 25 ലക്ഷം പത്മയ്ക്ക് ലഭിക്കുകയും ചെയ്തു. പറഞ്ഞുവെച്ച ടിക്കറ്റിന് ബാങ്കിലൂടെ പണം നൽകുകയും ചെയ്തിരുന്നു. സമ്മാനമടിച്ചെന്ന് സ്മിജ അറിയിച്ചതോടെ വിമാനത്തിൽ ‘പറന്നെത്തി’ പത്മ ടിക്കറ്റ് കൈപ്പറ്റി. പറഞ്ഞുവെച്ച ടിക്കറ്റ് ഇവർക്ക് കൈമാറാൻ ഏജന്റ് സ്മിജയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ചെന്നൈ ത്യാഗരാജനഗർ 22/14 ഭഗവന്തനം സ്ര്ടീറ്റിൽ താമസക്കാരിയാണ് പത്മ. തിങ്കളാഴ്ച ആലുവയിലെത്തി ബംപർ ടിക്കറ്റ് കൈപ്പറ്റുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. തുടർന്ന് സമ്മാനമടിച്ച ടിക്കറ്റ് സ്മിജയ്ക്കൊപ്പം ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈമാറി.
നെല്ലൂരുകാരിയായ പത്മ ചെന്നൈയിലെ സ്വകാര്യ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയിൽ സഹോദരൻമാരുമുണ്ട്. തീർത്ഥാടകയായ പത്മ കേരളത്തിലും പതിവായെത്തിയിരുന്നു. ഇതാണ് കേരളവുമായുള്ള ഏക ബന്ധം.
കഴിഞ്ഞ വർഷം 2021 മാർച്ച് 21-ന് നറുക്കെടുത്ത സമ്മർ ബംപറിൽ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. പാലച്ചുവട് ചന്ദ്രൻ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ടിക്കറ്റിനാണ് സമ്മാനമടിച്ചത്. യാതൊരു മടിയുംകൂടാതെ ഈ ടിക്കറ്റ് ചന്ദ്രന് കൈമാറിയതോടെ സ്മിജ താരമായി.
ഈ സമയത്ത് കേരളത്തിലുണ്ടായിരുന്ന പത്മ വാർത്തയറിഞ്ഞ് സ്മിജയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് സ്മിജയുടെ പക്കൽനിന്ന് ലോട്ടറി വാങ്ങുന്നത് പതിവാക്കുകയുമായിരുന്നു.
ഇത്തവണ സമ്മർ ബംപറിൽ രണ്ടാം സമ്മാനമടിച്ച എസ്ഇ 703553 നമ്പർ ടിക്കറ്റിനായി പത്മ ബാങ്കിലൂടെയാണ് സ്മിജയ്ക്ക് പണം അയച്ചുനൽകിയത്. ടിക്കറ്റ് സൂക്ഷിച്ചു വെച്ച സ്മിജ, സമ്മാനമടിച്ചപ്പോൾ പത്മയെ വിവരം അറിയിച്ചു. ലോട്ടറി ടിക്കറ്റ് ബാങ്കിൽ നൽകിയ ശേഷം പത്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയി. ചൊവ്വാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങും.