അടിമാലി: കുടുംബവഴക്കിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് കോട്ടയം പാമ്പാടിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ അച്ഛനെയും മകളെയും ഇടുക്കി കല്ലാർകുട്ടി ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകൾ പാർവതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമിൽനിന്ന് കണ്ടെത്തിയത്. ഇരുവരും ബൈക്കിൽ ഡാമിൽ എത്തുകയും പിന്നീട് ഡാമിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയിൽനിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈൽ ഫോണിൽ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടിൽ എത്തിയതുമില്ല. ഇതോടെ ഭർത്താവിനെയും മകളെയും കാണാനില്ലെന്ന് കാട്ടി ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിനീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കല്ലാർകുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാർകുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ബൈക്കിൽനിന്ന് മൊബൈൽഫോണും പേഴ്സും കണ്ടെത്തി.
ഇക്കാര്യം പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് ഇരുവരും ഡാമിൽ ചാടിയതാകുമെന്ന നിഗമനത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയിൽപൂണ്ട നിലയിൽ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അടിമാലി, വെള്ളത്തൂവൽ പോലീസും അടിമാലി അഗ്നിരക്ഷാസേന യൂണിറ്റും മുവാറ്റുപുഴയിൽനിന്നുള്ള സ്കൂബാ ടീമുമാണ് ഡാമിൽ തിരച്ചിൽ നടത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post