കോട്ടക്കല്‍: തന്റെ ആദ്യ ഐഎസ്എല്‍ സീസണില്‍ തന്നെ സ്വന്തം ടീം കിരീടം നേടിയപ്പോഴും ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന് കണ്ണീരൊഴിഞ്ഞില്ലായിരുന്നു. എന്നാല്‍ ഹൈദരാബാദ് എഫ്സിയുടെ മലയാളി താരം അബ്ദുല്‍ റബീഹിന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഫൈനല്‍ റബീഹിന് കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച്ചയാണ് നല്‍കിയത്.
സ്വന്തം നാടായ മലപ്പുറം ഒതുക്കുങ്ങലില്‍ നിന്ന് കളി കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട പ്രിയപ്പെട്ടവര്‍ ഇനിയൊരിക്കലും മടങ്ങിയെത്തില്ലെന്ന വാര്‍ത്തയാണ് ഫൈനലിന് മുമ്പേ റബീഹിനെ തേടിയെത്തിയത്. റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെത്തും മുമ്പ് വിട പറഞ്ഞത്.
സ്വന്തം ടീമിന്റെ വിജയാഹ്ലാദത്തിലൊന്നും റബീഹ് പങ്കെടുത്തില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം നോക്കി നിന്നു. ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. അതില്‍ റബീഹ് പ്രിയപ്പെട്ട ജംഷീറിനേയും ഷിബിലിനേയും കൂടെ കൂട്ടിയിരുന്നു.
സ്വന്തം ജഴ്സിയില്‍ ഷിബില്‍ എന്നെഴുതിച്ചേര്‍ത്ത റബീഹ്, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജഴ്സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
റബീഹ് നല്‍കിയ ടിക്കറ്റുമായാണ് കളി കാണാന്‍ ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റബീഹ് അയച്ചുകൊടുത്തു. റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര. കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്. ഷിബിലാണ് യാത്ര തുടങ്ങുമ്പോള്‍ ബൈക്കോടിച്ചത്. മലപ്പുറത്തുനിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്ര തുടര്‍ന്നു.
ഞായറാഴ്ച പുലര്‍ച്ചെ മഴയായതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തിയാണ് ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചത്. മഴ പെയ്തപ്പോള്‍ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നില്‍ കടവരാന്തയില്‍ കയറി നിന്നിരുന്നു. മഴ തോര്‍ന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.
കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്. പാലക്കുന്നില്‍ നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ ദൂരമാണ് ഉദുമ പള്ളത്തേക്ക്. ഈ സമയം കാറിലുള്ള സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോണിലെ കോള്‍ലിസ്റ്റില്‍ നിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്.
It is for you both #my Shibi &jamsheer #mayallah reward you a home for you both in jannah 🤲🏻 https://t.co/Rck160oC2N
— Abdul Rabeeh (@RabeehRabi8) March 21, 2022
Discussion about this post