പാലക്കാട്: വാഴയിലയിൽ ചോറും കോഴിയിറച്ചിയും വിളമ്പി തന്റെ 21-ാം ജ്ന്മദിനത്തിൽ 60 തെരുവുനായ്ക്കാളെ ഊട്ടി ലക്ഷ്മി. ശനിയാഴ്ചയാണ് ലക്ഷ്മി തെരുവുനായ്ക്കൾക്ക് ഉഗ്രൻ ശാപ്പാട് ഒരുക്കിയത്. പാലക്കാട് പട്ടണത്തിലെ മണലി, കല്ലേപ്പുള്ളി, നൂറടിറോഡ്, പ്രിയദർശിനി നഗർ, കൊട്ടേക്കാട് എന്നിവിടങ്ങളിലെ അറുപതോളം തെരുവുനായ്ക്കൾക്കാണ് ലക്ഷ്മി ഭക്ഷണം നൽകിയത്.
സുഹൃത്തുക്കളായ നവീൻ ബിജു, അങ്കീറസ് എന്നിവരും ലക്ഷ്മിയെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. മൃഗസ്നേഹിയായ ലക്ഷ്മി തെരുവുനായ്ക്കൾക്ക് ലക്ഷ്മി ഭക്ഷണം നൽകുന്നത് ഇത് ആദ്യമായല്ല. പരിക്കേറ്റ തെരുവുനായ്ക്കളെ വീട്ടിൽക്കൊണ്ടുവന്ന് ശുശ്രൂഷിക്കുന്നതും പതിവാണ്. ലക്ഷ്മിയുടെ വീട്ടിലുള്ള രണ്ട് നായ്ക്കളെയും തെരുവിൽനിന്നും എടുത്ത് വളർത്തുന്നതുമാണ്.
കല്ലേപ്പുള്ളി സ്വദേശിയായ പരേതനായ സേതുമാധവന്റെയും അധ്യാപികയായ മീരയുടെയും മകളാണ് ലക്ഷ്മി. കൃഷ്ണ, അനുഗ്രഹ എന്നിവരാണ് ലക്ഷ്മിയുടെ സഹോദരങ്ങൾ. ആലത്തൂർ എസ്.എൻ. കോളേജിലെ ബിരുദവിദ്യാർഥിയായ ലക്ഷ്മിക്ക് വെറ്ററിനറി ഡോക്ടറാകാനാണ് താത്പര്യം.