കോയമ്പത്തൂർ: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ. സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് 55കാരനായ സുനിൽ ഗോപിയെ കോയമ്പത്തൂർ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്. കോടതി രജിസ്ട്രേഷൻ അസാധുവാക്കിയ സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കോയമ്പത്തൂർ ജി. എൻ. മിൽ റോഡിലെ ഗിരിധരൻ(36) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിൽ ഗോപി, റീന, ശിവദാസ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് സിവിൽ കേസ് കോടതിയിൽ എത്തിയതോടെ കോടതി വിൽപ്പന അസാധുവാക്കി.
ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുൻകൂർ പണം കൈപ്പറ്റുകയും 2021 നവംബർ 24 ന് രജിസ്ട്രേഷൻ ചെയ്ത നൽകുകയും ചെയ്തത്. പണം വാങ്ങിയത് മറ്റ് രണ്ട് പ്രതികളും ചേർന്നാണ്. തുടർന്ന് ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരിൽ സിവിൽ കേസ് നിലനിൽക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. സുനിൽ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല.
ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇതിനിടെ സുനിൽ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാൻ ശ്രമിച്ചതോടെ പോലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയും ചെയ്തു.
Discussion about this post