ചീനിക്കുഴി: ചീനിക്കുഴിയിൽ മകന്റെ കുടുംബത്തെ ഒന്നടങ്കം പെട്രോളൊഴിച്ച് കത്തിച്ച ഹമീദ് മുമ്പ് പലതവണ കൊലവിളി നടത്തിയിരുന്നെന്ന് പോലീസനും പറയുന്നു. തന്നോടെതിർക്കുന്ന മകനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് നാട്ടുകാരോടടക്കം പലവട്ടം ഭീഷണി മുഴക്കിയിരുന്നു ഹമീദ്. തുടർന്ന് മകൻ ഫൈസൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
വാപ്പ തങ്ങളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞതായി പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. ഒടുവിൽ ശനിയാഴ്ച അർധരാത്രിയിൽ കൃത്യം നടത്തി പോലീസിനു പിടികൊടുത്തപ്പോഴും ഹമീദിന് കൂസലില്ലായിരുന്നു.
തനിക്ക് ഇനിയും ജീവിക്കണമെന്ന് മാത്രമായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനായി ഹമീദ് വ്യക്തമായ തയ്യാറെടുപ്പാണ് നടത്തിയത്. വീട്ടിൽ നിരന്തരമായുണ്ടാകുന്ന തർക്കങ്ങൾക്കും വഴക്കിനുമിടയിൽ എല്ലാവരെയും ഇല്ലാതാക്കുമെന്ന് ഹമീദ് ആവർത്തിച്ച് പറഞ്ഞിരുന്നു. കത്തിക്കരിഞ്ഞ വീടിനുള്ളിൽ കുട്ടികളുടെ സ്വപ്‌നങ്ങളും കൂടിയാണ് പൊലിഞ്ഞത്. പുസ്തകങ്ങളും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും ഉൾപ്പടെ കത്തിക്കരിഞ്ഞ് കിടക്കുന്നത് കണ്ട് നെഞ്ചുതകരുകയാണ് നാട്ടുകാർക്കും സമീപവാസികൾക്കും.
നാല് പേരെ ഇല്ലാതാക്കിയതിന്റെ കുറ്റബോധമില്ലാതെയായിരുന്നു ഹമീദ് പോലീസിന് പിടികൊടുത്തത്. ജയിലിലെ ഭക്ഷണത്തെ കുറിച്ചായിരുന്നു ഇയാൾ പറഞ്ഞത്. മുമ്പ് സമീപത്തെ ചായക്കടയിലെത്തിയപ്പോൾ അവസാനകാലത്തോളം നല്ല ഭക്ഷണം കഴിക്കണമെന്നും ജയിലിൽ മട്ടനുൾപ്പടെ ഇപ്പോൾ ഉണ്ടെന്നും അതിന് താൻ വഴിയുണ്ടാക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞതായി നാട്ടുകാരും പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഭക്ഷണസമയത്തുണ്ടായ വഴക്കാണ് പെട്ടെന്ന് കൊലപാതകം നടത്തണമെന്ന ചിന്തയിലേക്ക് ഇയാളെ നയിച്ചത്. ഉച്ചയ്ക്കും തനിക്ക് ആഹാരം ലഭിച്ചില്ലെന്നാണ് ഇയാൾ പോലീസിന് കൊടുത്ത മൊഴി. ചീനിക്കുഴി ഭാഗത്ത് പെട്രോൾ പമ്പുകളില്ല. അതിനാൽ, ഫൈസൽ അത് കുപ്പിയിലാക്കി ചില്ലറ വിൽപ്പന നടത്തിയിരുന്നു. ഇതിനായുള്ള പെട്രോൾ മുറ്റത്ത് കാറിൽ കുപ്പികളിൽ സൂക്ഷിച്ചിരുന്നു. ആരുമില്ലാത്ത സമയത്ത് ഹമീദ് പെട്രോൾ ചെറിയ കുപ്പികളിലേക്ക് മാറ്റിയാണ് കൊലപാതകം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്.
പോലീസ് പിടിയിലായശേഷം സംഭവങ്ങൾ ഓരോന്നും യാതൊരു കൂസലും കൂടാതെയാണ് ഇയാൾ പോലീസിനോട് വിവരിച്ചത്. മക്കളും കൊച്ചുമക്കളും മരിച്ചെന്ന് ഡിവൈഎസ്പി എജി ലാൽ അറിയിച്ചപ്പോൾ കുറച്ച് കരഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും നാട്ടുകാരുടെ ശാപവാക്കുകൾക്കിടയിലും ഇയാൾ നിർവികാരനായി പോലീസിനോട് കൃത്യം നടത്തിയവിധം വിവരിച്ചു.