മലപ്പുറം:കാളികാവിൽ താൽകാലിക ഫുട്‌ബോൾ സ്റ്റേഡിയം തകർന്ന് വൻദുരന്തം. സംഭവത്തിൽ 10 പേർക്ക് ഗുരുതമായി പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു വയസ്സുള്ള കുട്ടി മുതൽ 80 വയസുള്ള വയോധികർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിലാണ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റത്.
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന സ്റ്റേഡിയത്തിന്റെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക ഗാലറി തകർന്നുവീഴുകയായിരുന്നു. ഫൈനൽ മത്സരം ആയിരുന്നു ഇവിടെ നടക്കേണ്ടിയിരുന്നത്. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം, കളി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സ്റ്റേഡിയം തകർന്ന് വീഴുകയായിരുന്നു. അമ്പതോളം പേർക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ പത്തോളം പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
ഫൈനൽ ആയതിനാൽ തന്നെ സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതോടെ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്‌ലഡ് ലൈറ്റും തകർന്ന് വീണു.