തൃശ്ശൂര്‍: പതിറ്റാണ്ടിലേറെ കാലം നീണ്ട അനാഥത്വത്തിനെ പടിയ്ക്ക് പുറത്താക്കി സുജി അഖിലിന്റെ നല്ലപാതിയാവും. ഞായറാഴ്ച രാവിലെ ഒന്‍പതിനും പത്തിനും മധ്യേ പോട്ട മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സുജിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.
ചാലക്കുടി സൗപര്‍ണിക ബാലികാ സദനത്തിലെ അന്തേവാസിയാണ് സുജി. ബിഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ്. തൃക്കൂര് മുത്തിക്കോട് പരേതനായ അശോകന്റേയും സുശീലയുടേയും മകനായ അഖില്‍.
10 വയസുള്ളപ്പോഴാണു സുജിക്ക് അച്ഛനും അമ്മയും നഷ്ടമായത്. കുറ്റിച്ചിറ ചെമ്മിനിയാടന് പരേതരായ സുരേന്ദ്രന്റേയും ലിജിയുടേയും ഇളയ മകളാണ് സുജി. മറ്റു 2 സഹോദരിമാര്‍ മറ്റു സ്ഥാപനങ്ങളിലും ബന്ധു വീടുകളിലുമായിരുന്നു കഴിഞ്ഞത്.
ചെറുപ്രായത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സുജിക്ക് ബന്ധുക്കളും കൂട്ടുകാരുമെല്ലാം ബാലികാ സദനത്തിലുള്ളവരായിരുന്നു. ജഗദ്ഗുരു ട്രസ്റ്റിനു കീഴില്‍ പോട്ട വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിനു സമീപം നിരാശ്രയരായ പെണ്‍കുട്ടികളുടെ അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സൗപര്‍ണിക’ സുജിക്കും അഭയം നല്കി.
രണ്ടാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന 26 കുട്ടികളാണ് ഇവിടെയുള്ളത്.
സമൂഹത്തിലെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് വിവാഹാഘോഷം ഒരുക്കുന്നതെന്നു ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി.പത്മനാഭന്, സെക്രട്ടറി കെ.പി. ഹരിദാസ്, ബാലികാ സദനം പ്രസിഡന്റ് പി.ജി. അരവിന്ദാക്ഷന്, സെക്രട്ടറി കെ.എസ്. രജീവ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post