സപ്ലൈകോ നെല്ല് സംഭരണം ഊര്‍ജ്ജിതം: 2.97 ലക്ഷം മെട്രിക് ടണ്‍ സംഭരണം പൂര്‍ത്തിയായി; പണം ഉടനടി തന്നെ കര്‍ഷകരുടെ കൈകളിലേക്ക്

തിരുവനന്തപുരം: സപ്ലൈകോ നെല്ല് സംഭരണം ഊര്‍ജ്ജിതം. സംഭരണം കാര്യക്ഷമമായതോടെ കര്‍ഷകരുടെ പരാതികള്‍ കുറവാണ്. പട്ടാമ്പി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ സംഭരണം അവസാനഘട്ടത്തിലാണ്. സംഭരിച്ച നെല്ലിന്റെ പണം വളരെ വേഗം ലഭിക്കുന്നതും ആശ്വാസമാണ്.

രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെല്ല് സംഭരിക്കാന്‍ ആരംഭിച്ചതോടെ വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ പരാതികളും ഇല്ലാതായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മേഖലകളിലെ നെല്ല് സംഭരണം ഏറെക്കുറെ പൂര്‍ത്തിയായി.

ഏകദേശം 20 കോടി കിലോ നെല്ല് സംഭരിച്ച് കഴിഞ്ഞതായും വിഷുവിന് മുമ്പ് തന്നെ ജില്ലയില്‍ സംഭരണം പൂര്‍ത്തീകരിക്കുമെന്നും ജില്ലാ പാടി മാര്‍ക്കറ്റിംങ് ഓഫീസര്‍ മുകുന്ദന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലാണ് ഇത്തവണ നെല്ല് സംഭരണം വേഗത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിലോയ്ക്ക് 28 രൂപ നിരക്കിലാണ് സംഭരണം. ഇത്തവണ സര്‍ക്കാര്‍ പണം നല്‍കുന്നത് കോപ്പറേറ്റീവ് ബാങ്കുകളിലേക്ക് മാറ്റിയതും കര്‍ഷകര്‍ക്ക് സഹായകരമായിട്ടുണ്ട്.
മണ്ണൂര്‍ പഞ്ചായത്തിലെ തെഞ്ചേരി പാടശേഖരത്തിലെ നെല്ലും തെരടിക്കുന്ന് പാട ശേഖരത്തിലെ നെല്ലും സംഭരിച്ചുതുടങ്ങി.

സംഭരിച്ച നെല്ലിന്റെ തുക ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് പ്രയോജനകരമായെന്ന് കര്‍ഷകസംഘം മണ്ണൂര്‍ വില്ലേജ് പ്രസിഡന്റ് എവിഎം റസാഖ് പറഞ്ഞു.
സര്‍ക്കാറിന്റെ അധീനതയിലുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുവേണ്ടി കര്‍ഷകര്‍ അളന്ന നെല്ലിന്റെ പൈസയാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്ന സാഹചര്യത്തില്‍ ഇപ്രാവശ്യം സര്‍ക്കാറിന്റെ ഊര്‍ജ്ജിതമായ ഇടപെടല്‍ മൂലം സപ്ലൈക്കോ ദ്രുതഗതിയില്‍ നെല്ല് സംഭരിക്കുകയും സംഭരിച്ച നെല്ലിന്റെ വില ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കര്‍ഷകരുടെ കൈകളില്‍ എത്തിയിരിക്കുകയാണ്. ഇത് എല്ലാ കര്‍ഷകരെയും സംബന്ധിച്ച് പത്ത്, പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാശ് കിട്ടിക്കൊണ്ടിരിക്കുകയാണ്.
തെരടിക്കുന്ന് പാടശേഖരത്തിലെ സംഭരിച്ച നെല്ലിന്റെ തുക മിക്ക കര്‍ഷകര്‍ക്കും ലഭിച്ചതായും എവിഎം റസാഖ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലാണ് നെല്ല് സംഭരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു

സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കേരളത്തില്‍ നെല്ല് സംഭരണം നടക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2021-22 സീസണില്‍ ആഗസ്റ്റ് 16 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും സെപ്റ്റംബര്‍ ഒന്നു മുതല്‍ തന്നെ നെല്ല് സംഭരണം തുടങ്ങുകയും ഉണ്ടായി.

നാളിതുവരെ വരെ (19.03.2022) 1.17 ലക്ഷം കര്‍ഷകരില്‍ നിന്നും 2.97 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 773.4 കോടി രൂപ വിതരണം ചെയ്യുകയും ഉണ്ടായി. കഴിഞ്ഞ സീസണില്‍ (2020-21) 2.52 ലക്ഷം കര്‍ഷകരില്‍ നിന്നും 7.65 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചിരുന്നു. ഈ സീസണില്‍ (2021-22) 8 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു

Exit mobile version