ആലുവ: ശബരിമല ദര്‍ശനത്തിനായി കാനഡയില്‍ നിന്നെത്തിയ പ്രവാസിയായ അമര്‍നാഥിന് നാദിര്‍ഷയോടും കൂട്ടുകാരോടും എത്ര നന്ദിയും കടപ്പാടും അറിയിച്ചാലും മതിയാകില്ല. തോട്ടുമുഖം പള്ളിക്കുഴി സ്വദേശിയായ നാദിര്‍ഷയുടെ സത്യസന്ധതയാണ് അമര്‍നാഥിന്റെ ശബരിമല ദര്‍ശനം ഭംഗിയാക്കിയതും ജീവിതം തന്നെ കൈയ്യില്‍ തിരികെ നല്‍കിയതും.
സംഭവം ഇങ്ങനെ: കോഴിക്കട നടത്തുന്ന നാദിര്‍ഷയും സുഹൃത്തുക്കളും റോഡില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഓടുന്ന കാറിനു മുകളില്‍ നിന്നു പഴ്‌സ് കണ്‍മുന്നില്‍ പറന്നുവീണത്. ഒരു ലക്ഷം രൂപയുടെ കനേഡിയന്‍ ഡോളര്‍, 25,000 ഇന്ത്യന്‍ രൂപ, 5 ഡെബിറ്റ് കാര്‍ഡുകള്‍, കാനഡയിലെ ഡ്രൈവിങ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവയായിരുന്നു പഴ്‌സിനുള്ളില്‍ ഉണ്ടായിരുന്നത്. റോഡിന്റെ പല ഭാഗത്തു ചിതറി വീണ നോട്ടുകള്‍ നാദിര്‍ഷയും കൂട്ടുകാരും പെറുക്കിയെടുത്തു പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ശബരിമല ദര്‍ശനത്തിനു വേണ്ടി മാത്രം 5 ദിവസത്തേക്കു കാനഡയില്‍ നിന്നെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി അമര്‍നാഥിന്റേതായിരുന്നു ആ പഴ്‌സ്. 21 വര്‍ഷമായി അവിടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അമര്‍നാഥ്.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ടാക്‌സിയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറിലെത്തി. ഡ്രൈവര്‍ക്കു പോക്കറ്റ് മണി നല്‍കാന്‍ എടുത്ത പഴ്‌സ് കാറിനു മുകളില്‍ വച്ചെങഅകിലും തിരിച്ചെടുക്കാന്‍ മറന്നു. പിന്നീട് മുറിയില്‍ എത്തിയപ്പോഴാണ് കാര്യം ഓര്‍മ്മ വന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. എസ്‌ഐ മുഹമ്മദ് ബഷീര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പഴ്‌സുമായി കാര്‍ നീങ്ങുന്നതു കണ്ടു ഓടുന്ന കാറിനു മുകളില്‍ നിന്നു പഴ്‌സ് എവിടെയാണ് വീണതെന്ന് പക്ഷേ വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് നാദിര്‍ഷ സ്റ്റേഷനിലേക്ക് ഓടി എത്തിയത്.
അപ്പോള്‍ തന്നെ അമര്‍നാഥിനെ വിളിച്ചു വരുത്തി പഴ്‌സ് കൈമാറി. സന്തോഷ സൂചകമായി അമര്‍നാഥ് 100 കനേഡിയന്‍ ഡോളര്‍ നാദിര്‍ഷയ്ക്കു സമ്മാനിച്ചാണ് തന്റെ നന്ദി അറിയിച്ചത്. സ്വന്തമായി വീടില്ലാത്ത നാദിര്‍ഷ വാടക വീട്ടിലാണ് കഴിയുന്നത് ഇത്രയും പണം ഒരുമിച്ച് കണ്ടിട്ടും സത്യസന്ധനായ നാദിര്‍ഷ പണം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. പണം നഷ്ടപ്പെടുന്നതിനേക്കാള്‍ ആശങ്കയായിരുന്നു അമര്‍നാഥിന് പഴ്‌സിലുള്ള തന്റെ രേഖകള്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ ഓര്‍ത്ത്. അഞ്ചു ദിവസത്തെ അവധിക്ക് വന്ന അമര്‍നാഥിനെ വല്ലാതെ വലച്ചേനെ ആ നഷ്ടം.
Discussion about this post