എറണാകുളം: പറവൂർ വടക്കേക്കര പള്ളി ഗേറ്റ് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിൽ. കളമശ്ശേരി എആർ ക്യാംപിലെ പോലീസുകാരൻ തുരുത്തിപ്പുറം പൂമാലിൽ ഭാസി മകൻ സിമിൽ റാം ആണ് കേസിലെ പ്രതി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഈ മാസം 13ന് രാത്രി 10.30 ഓടെയാണ് സംഭവം. വാഹനത്തിൽ പള്ളിക്കുമുന്നിൽ എത്തിയ സംഘം അടച്ചിട്ടിരുന്ന ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്‌റസ വിദ്യാർത്ഥികളെയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഗേറ്റിന് മുന്നിൽ മൂത്രമൊഴിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് മഹല്ല് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്പി, വടക്കേക്കര പോലീസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിമിൽ റാമിനെ പോലീസ് അറസ്റ്റു ചെയ്തത്.
പള്ളി ആക്രമിച്ച് കൊലവിളി നടത്തിയ പ്രതിയെ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തതെന്ന് പള്ളി കമ്മറ്റി അറിയിച്ചു. അക്രമത്തിന് കൂടെയുണ്ടായിരുന്നവരും പോലീസുകാർ തന്നെയാണ്. അവരെ ഉടനെ അറസ്റ്റ് ചെയ്യും എന്നാണ് പള്ളിക്കമ്മിറ്റിക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരിക്കുന്നതെന്നും അവർ അറിയിച്ചു.
also read- വിദ്യാർത്ഥിനിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു
നാട്ടിൽ നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ഇത്തരക്കാരുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സിമിൽ റാമിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വടക്കേക്കര ജുമാമസ്ജിദ് പ്രസിഡന്റ് കെഎം അമീർ ആവശ്യപ്പെട്ടു.