എറണാകുളം : പണയത്തിലുള്ള വീടിൻ്റെ ആധാരം എടുക്കാനും നിത്യവൃത്തിക്കും 74ാം വയസ്സിലും ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികയെ കൈയ്യയച്ച് സഹായിച്ച് എംപി സുരേഷ് ഗോപി. കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയ്‌ക്കാണ് സുരേഷ് ഗോപി കൈത്താങ്ങ് ആയത്.
പുഷ്പയുടെ പണയത്തിലിരുന്ന വീടിന്റെ ആധാരം സുരേഷ് ഗോപി തിരിച്ചെടുത്ത് നല്‍കി. സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച ദൃശ്യങ്ങൾ ആണ് പുഷ്പയുടെ ദയനീയാവസ്ഥ പുറം ലോകത്തെ അറിയിച്ചത്. ഇളയ മകന്‍ മരിച്ചതോടെയാണ് പുഷ്പ ലോട്ടറി വില്‍പ്പന ആരംഭിച്ചത്. ഇളയ മകന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമാണ് പുഷ്പയുടെ താമസം.
പുഷ്പയുടെ കഷ്ടപ്പാട് കണ്ട സുരേഷ് ഗോപി സഹായവുമായി മുന്നോട്ടുവരികയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പുഷ്പ നിലവില്‍ താമസിക്കുന്ന വീടിന്റെ ആധാരം 65,000 രൂപയ്‌ക്ക് പാല്യത്തുരുത്ത് എസ് എന്‍ ഡി പി ശാഖയിലാണ് പണയം വെച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശാഖയില്‍ എത്തിയ മകന്‍ ഗോകുല്‍ സുരേഷ് പണം നല്‍കി ആധാരം തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് വൈകീട്ട് നാല് മണിയോടെ പുഷ്പയുടെ വീട്ടില്‍ എത്തി ആധാരം കൈമാറി.
also read-‘ഞാന്‍ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി’: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍
ഒരു ദിവസം 60 ഓളം ലോട്ടറികള്‍ വില്‍ക്കുമെങ്കിലും ബാധ്യതകൾ തീരാൻ ഇതൊന്നുമാകില്ലെന്ന് പുഷ്പ പറയുന്നു. ഈ കഷ്ടപ്പാടിൻ്റെ ഇടയിലും നിരവധി പേര്‍ പറ്റിച്ചിട്ടുണ്ടെന്നും പുഷ്പ വേദനയോടെ പറയുന്നു.