കൊച്ചി: ബാർ കൗൺസിലിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളക്കെതിരെ പരാതി നൽകി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിർന്ന അഭിഭാഷകനായ രാമൻപിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ നടി പറയുന്നു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ തന്നെ നേതൃത്വം നൽകുന്ന സാഹചര്യമുണ്ടായി. ഇതാണ് തെളിവുകൾ സഹിതം പുറത്തേക്ക് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ അഭിഭാഷകർക്കെതിരെ ബാർ കൗൺസിൽ നടപടിയെടുക്കണമെന്നാണ് നടിയുടെ ആവശ്യം.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകനാണ് രാമൻ പിള്ള. ദിലീപിന്റെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. ഇതിലാണ് തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണമുള്ളത്.
ഈ പശ്ചാത്തലത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് നടി പരാതി നൽകിയിരിക്കുന്നത്. ബാർ കൗൺസിൽ അംഗമായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് നടിയുടെ പരാതി. ഈ അഭിഭാഷകർ അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. അതേസമയം, നടിയുടെ പരാതി സംബന്ധിച്ച് ബാർ കൗൺസിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post