ഇടുക്കി: അല്‍ഫാം കഴിക്കാനുളള മോഹവുമായി സ്‌കൂളില്‍ കയറാതെ വീടുവിട്ടിറങ്ങിയ കുട്ടികളെ പോലീസ് കണ്ടെത്തി തിരികെ എല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥിനികളാണ് വീടുവിട്ടിറങ്ങിയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ വിദ്യാര്‍ത്ഥിനികള്‍ കട്ടപ്പനയിലേക്ക് പോവുകയായിരുന്നു.
കട്ടപ്പനയിലെത്തിയ കുട്ടികള്‍ അവിടുന്ന് അല്‍ഫാം കഴിക്കുകയും ശേഷം തിരിച്ച് നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി യാത്ര ചെയ്തു. കുട്ടികള്‍ സ്‌കൂളിലെത്തുന്നത് കാണാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ രണ്ടു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു കുട്ടി വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ബാലഗ്രാം എന്ന സ്ഥലത്ത് ഇറങ്ങി. എന്നാല്‍ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്നും സഞ്ചരിക്കുകയായിരുന്നു.
കുട്ടി നെടുങ്കണ്ടത്ത് എത്തിയെങ്കിലും വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിച്ചു. തുടര്‍ന്ന് മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പോലീസ് കണ്ടെത്തുകയായിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിച്ച ശേഷം പോലീസ് ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയച്ചു.
Discussion about this post