കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വിദേശ വനിതകൾ; കേസെടുത്ത് എക്‌സൈസ്; മാനേജർ അറസ്റ്റിൽ

കൊച്ചി: ചട്ടം ലംഘിച്ച് കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വനിതകളെ നിയമിച്ച് ഹോട്ടൽ വിവാദത്തിൽ. വിദേശ വനിതകളാണ് ഹോട്ടലിൽ മദ്യം വിളമ്പിയിരുന്നത്. സംഭവത്തിൽ ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു.

കൊച്ചി ഷിപ്യാർഡിനടുത്താണ് ഹാർബർ വ്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്‌ലൈ ഹൈ എന്ന പേരിൽ ഹോട്ടൽ നവീകരിച്ച് പബ് അടക്കം ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം.

സിനിമാ മേഖലയിലെ നിരവധിയാളുകൾ അതിഥികളായി എത്തിയിരുന്നു. ഈ ഡാൻസ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.

അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ഡാൻസ് പബ് എന്ന പേരിലാണ് ബാർ പ്രവർത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയിൽ കണ്ടെത്തി. വനിതകളെ മദ്യം വിളമ്പാൻ നിയമിക്കരുതെന്നാണ് കേരള അബ്കാരി ചട്ടം അനുശാസിക്കുന്നത്.

also read- പ്രണയം താക്കീത് ചെയ്തു, പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു; സോഷ്യൽമീഡിയയിലൂടെ വിവരമറിഞ്ഞ സുഹൃത്ത് ആത്മഹത്യ ചെയ്തു

ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version