കോഴിക്കോട്: കഴുത്തിൽ കത്തി കുത്തിയിറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്‌കൻ ശശി ശസ്ത്ര്ക്രിയയിലൂടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കിടന്ന കിടപ്പ് കണ്ട് മടുത്തിട്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു ശശി പറഞ്ഞത്. എന്നാൽ ഇപ്പോൾ ശശിക്ക് ജീവിക്കണം, ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ശശി.
നീണ്ട 17 വർഷമായി കിടപ്പുരോഗിയാണ് അത്തോളി ചീക്കിലോട് കേളോത്ത് വീട്ടിൽ ശശി. അപസ്മാരത്തെ തുടർന്നുണ്ടായ വീഴ്ചയിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായി ഏറെക്കാലം ചികിത്സ നടത്തിയെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. അപകടം സംഭവിച്ച് കിടപ്പിലാകുന്നതിന് മുമ്പുതന്നെ ബന്ധം ഉപേക്ഷിച്ച് ഭാര്യ വേർപിരിഞ്ഞ് പോയിരുന്നു. തുടർന്ന് ഏക സഹോദരി സുജാതയും കുടുംബവുമാണ് ശശിയെ പരിചരിക്കുന്നത്.
കൂലിവേലചെയ്താണ് സഹോദരി കുടുംബം പുലർത്തുന്നത്. സർക്കാരിൽനിന്ന് സൗജന്യമായി കിട്ടിയ നാലുസെന്റ് സ്ഥലത്ത് ഇ.എം.എസ്. ഭവനപദ്ധതിയിൽ നിർമിച്ച വീട്ടിലാണ് ഇപ്പോൾ ശശിയുടെ താമസം. സാമ്പത്തികവും ശാരീരികവുമായ വിഷമവും മറ്റുള്ളവർക്ക് ഭാരമായി ഇനിയും ജീവിക്കാനുള്ള പ്രയാസവുമാണ് ആത്മഹത്യാശ്രമത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോട് ശശി പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്ന ശശിക്ക് ഫിസിയോതെറാപ്പിയും പുനരധിവാസവും ലഭിക്കുകയാണെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനായി സന്നദ്ധസംഘടനകളോ, സുമനസ്സുകളോ ഏറ്റെടുക്കുകയോ, സഹായം നൽകുകയോ ചെയ്താൽ ശശിയുടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നിറയും.
ബന്ധപ്പെടേണ്ട ഫോൺ: 9539653415, 9388262137, 9947965627.