പാലക്കാട്: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളതിന്റെ പേരില്‍ സാധാരണ ജോലികള്‍ ചെയ്യാന്‍ മടി കാണിക്കുന്നവരാണ് ഏറെയും. ജീവിക്കാന്‍ എന്തെങ്കിലും ജോലി മതി എന്ന കാഴ്ചപ്പാടില്‍ ഏത് ജോലി ചെയ്യാനും തയ്യാറുള്ളവരും ഉണ്ട്.
അത്തരത്തില്‍ കൈയ്യടി നേടുകയാണ് അട്ടപ്പാടി മേലേകണ്ടിയൂര് സ്വദേശിയ എസ് മണികണ്ഠന്. എംഎസ്ഡബ്ല്യു ബിരുദധാരിയായ മണികണ്ഠന് ജീവിയ്ക്കാന്‍ വേണ്ടി കല്ല് ചുമക്കുകയാണ്.
‘അങ്ങനെ കരിങ്കല്‍ പണിയും തുടങ്ങി! എംഎസ്ഡബ്ല്യുവും 5 വര്‍ഷം എക്സ്പീരിയന്‍സും ഇപ്പോള്‍ ലീവിലാണ്.’ എസ് മണികണ്ഠന് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവച്ച വരികള്‍ ഹൃദയത്തില്‍ തൊടുന്നതായിരുന്നു.
അനാഥത്വവും ദുരിതവും മാത്രം കണ്ടുവളര്‍ന്ന മണികണ്ഠന്റെ വിജയത്തിനു പിന്നിലെല്ലാം ഇതുപോലെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ട്. മണികണ്ഠന് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും നഷ്ടപ്പെടുന്നത്.
ആദിവാസി ഇരുളര്‍ വിഭാഗത്തില്‍പെട്ട മണികണ്ഠനും 2 സഹോദരങ്ങളും പിന്നീട് വളര്‍ന്നതും പഠിച്ചതുമെല്ലാം അട്ടപ്പാടിയിലെ വിവിധ കോണ്‍വെന്റുകളില്‍ നിന്നായിരുന്നു. സഹോദരന് മോട്ടര്‍ വാഹന വകുപ്പിലും സഹോദരി തപാല്‍ വകുപ്പിലുമാണു ജോലി ചെയ്യുന്നത്.
തൃശൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് 2017ല്‍ എംഎസ്ഡബ്ല്യു ബിരുദവും പൂര്‍ത്തിയാക്കി വലിയ സ്വപ്നങ്ങളോടെ പുറത്തിറങ്ങിയ മണികണ്ഠന് ട്രൈബല്‍ ഡിപ്പാര്‍ട്മെന്റിലും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനിലും (കില) പ്രൊജക്ട് അസിസ്റ്റന്റായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അവസാനമായി ജോലി ചെയ്തിരുന്ന കിലയിലെ പ്രൊജക്ട് കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങിയതോടെ 6 മാസമായി വരുമാനം നിലച്ചിരിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയും രണ്ടര വയസ്സുകാരി മകളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണു മണികണ്ഠന്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ കൂലിപ്പണിക്കു പോയാണ് ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയിരുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍ കോളജിയറ്റ് മീറ്റില്‍ പോള്‍വാട്ടില്‍ തുടര്‍ച്ചയായി ചാംപ്യനായ ഇദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചും മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ അട്ടപ്പാടി കോട്ടത്തറയിലെ വാടക വീട്ടില്‍ കഴിയുന്ന മണികണ്ഠന് 6 മാസത്തിലേറെയായി റോഡു പണി, കരിങ്കല്‍ക്വാറിയിലെ പണി തുടങ്ങി കിട്ടുന്ന ജോലിയെടുത്താണ് കുടുംബം പോറ്റുന്നത്. പണി കഴിഞ്ഞു വീട്ടിലെത്തിയാല്‍ പിന്നെ പിഎസ്സി പരീക്ഷയ്ക്കുള്ള പഠനത്തിരക്കുകളിലാണ്. സഹായത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ എംസിഎ വിദ്യാര്‍ഥിയായ ഭാര്യ ജനുഷയും കൂട്ടിനുണ്ട്.
ഒട്ടേറെ ജോലികള്‍ക്ക് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു. അട്ടപ്പാടിയിലെ അനാഥബാല്യങ്ങള്‍ക്കും പിന്നാക്ക വിഭാഗത്തിനുമായി പ്രവര്‍ത്തിക്കണമെന്ന സ്വപ്നമാണ് തന്നെ എംഎസ്ഡബ്ല്യുകാരനാക്കിയതെന്ന് മണികണ്ഠന് പറയുന്നു.
Discussion about this post