കൂത്തുപറമ്പ്: ആറ് പേര്‍ക്ക് ജീവന്‍ പകുത്തു നല്‍കി വിഷ്ണു യാത്രയായി. കൂത്തുപറമ്പ് തൃക്കണ്ണാപുരം ‘നന്ദന’ത്തില്‍ എംടി വിഷ്ണുവാണ് (27) ഇനി ആറ് പേരിലൂടെ ജീവിക്കുക. ബംഗളൂരുവില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിഷ്ണുവിന്റെ ജീവന്‍ നഷ്ടമായത്.
ബംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ വിഷ്ണുവിനെ പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് അറിഞ്ഞതോടെ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചു.
മരണശേഷവും ആറ് പേരിലൂടെ മകന്‍ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് സന്തോഷം എന്ന് പറഞ്ഞാണ് അച്ഛനും അമ്മയും അവയവദാനത്തിന് പൂര്‍ണ മനസ്സോടെ സമ്മതം നല്‍കിയത്. കരള്‍, രണ്ട് വൃക്ക, ഹൃദയം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതില്‍ ഒരു വൃക്കയും കരളും കോര്‍ണിയയും ആസ്റ്റര്‍ മിംസിലെ രോഗികള്‍ക്കാണ് ലഭ്യമാവുക. മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിട്ടുകൊടുക്കും.
വിഷ്ണുവിനെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ ജന്മനാടായ തൃക്കണ്ണാപുരത്ത് ഒഴുകി എത്തിയതു നൂറുകണക്കിനാളുകളാണ്. പിതാവ് സുനില്‍കുമാര്‍ മകന്റെ മുഖം ഒരു നോക്കു കണ്ട ശേഷം പുഷ്പമാല അര്‍പ്പിച്ചു വിങ്ങിപ്പൊട്ടി. മാതാവ് ജിഷയും സഹോദരി കൃഷ്ണപ്രിയയും ബന്ധുക്കളും കണ്ണീര്‍ പ്രണാമം അര്‍പ്പിച്ചപ്പോള്‍ ചുറ്റും നിന്നവര്‍ക്കും കരച്ചില്‍ അടക്കാനായില്ല. വീട്ടുമുറ്റത്തും റോഡരികിലും ജനം തിങ്ങി നിറഞ്ഞിരുന്നു. സംസ്‌കാരം വലിയവെളിച്ചം ശാന്തിവനത്തില്‍ നടന്നു.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു വിഷ്ണു . അച്ഛന്‍: സുനില്‍ കുമാര്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. അമ്മ: ചിത്ര എറണാകുളം കാംകോയില്‍ ജോലി ചെയ്യുന്നു. സഹോദരി: കൃഷ്ണപ്രിയ.