കാളികാവ്: നാട്ടുകാരായ തങ്ങൾക്ക് നിർധനയായ പെൺകുട്ടിയുടെ വിവാഹവശ്യത്തിനുള്ള പണം കണ്ടെത്താനായി എന്തു ചെയ്യാനാകും എന്ന ചിന്തയിലാണ് പുത്തൻ ഐഡിയ തെളിഞ്ഞത്. പണം സ്വരൂപിക്കാനായി നാടൊന്നിച്ച് ബിരിയാണി വിളമ്പി പണം കണ്ടെത്തുകയായിരുന്നു.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നടത്തുന്ന ബിരിയാണി ചലഞ്ച് ഇത്തവണ ഒരു പെൺകുട്ടിയുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനായി ഉപയോഗിക്കുകയായിരുന്നു ഇവിടെ.
കാളികാവ് കറുത്തേനി തട്ടാൻകുന്നിലെ ജനകീയ കൂട്ടായ്മയാണ് പെൺകുട്ടിയുടെ കല്യാണത്തിനായി ഒന്നിച്ച് രംഗത്തിറങ്ങിയത്. 2,000 ബിരിയാണിയാണ് തയ്യാറാക്കിയത്. തട്ടാൻകുന്ന് ജനകീയകൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ രണ്ടാമത്തെ പെൺകുട്ടിക്കാണ് വിവാഹം നടത്തിക്കൊടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒരു പൊതി ബിരിയാണി 100 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ ജനങ്ങൾ സൗജന്യമായി നൽകി. ബിരിയാണിചലഞ്ചിന് ജിംഷാദ് അഞ്ചച്ചവിടി, സിടി മുബാറക്, മുള്ളൻ സലാം, എം ബഷീർ, എപി സാനു, സുജീഷ് മൂപ്പൻ, പിവി നസീഫ്, സിടി ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി.