ആലപ്പുഴ: വൃക്ക മാറ്റിവെച്ചു ജീവിതത്തിലേയ്ക്ക് പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ലാലിന്റെ ജീവിതത്തിലേയ്ക്ക് തുണയായും ഇണയായും നാഗലക്ഷ്മി എത്തി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ സ്വദേശിനിയാണ് നഴ്‌സ് കൂടിയായ നാഗലക്ഷ്മി. തന്റെ വീട്ടുകാരുടെ എതിർപ്പിനെയും മറികടന്നാണ് നാഗലക്ഷ്മി ലാലിനൊപ്പം ജീവിക്കാൻ ഇറങ്ങിതിരിച്ചത്. ആലപ്പുഴ ജില്ലാ കോടതിയിൽ ഗുമസ്തനായിരുന്നു 34കാരനായ ടി.കെ.ലാൽ. 2016 ൽ ആണ് ലാലിന്റെ വൃക്ക തകരാറിലാണെന്നു തിരിച്ചറിഞ്ഞത്.
കുറച്ചുകാലം ഡയാലിസിസിലൂടെ പിടിച്ചുനിന്നെങ്കിലും വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് അഭിഭാഷകരും സുഹൃത്തുക്കളും ബന്ധുക്കളും കൈകോർത്ത് ലാലിന്റെ ശസ്ത്രക്രിയയ്ക്കു തുക കണ്ടെത്തി. ആരോഗ്യം വീണ്ടെടുത്ത ലാൽ മാവേലിക്കര കോടതിയിൽ അഡ്വ. ആർ.പത്മകുമാറിന്റെ ഓഫിസിൽ വീണ്ടും ക്ലർക്കായി എത്തി. ഇതിനിടെ വിവാഹാലോചനകൾ നടന്നു. എന്നാൽ വൃക്ക മാറ്റിവച്ചയാളെ വിവാഹം ചെയ്യാൻ പലരും തയാറായില്ല.
ഇതിനിടെയാണ് സുഹൃത്ത് മുഖേന ഡിണ്ടിഗലിലെ നാഗലക്ഷ്മിയുടെ ആലോചന എത്തിയത്. ഇരുവർക്കും പരസ്പരം ഇഷ്ടമായി. വൃക്ക മാറ്റിവച്ച കാര്യം വീട്ടുകാരെ അറിയിക്കേണ്ടെന്നു നാഗലക്ഷ്മി തന്നെ ലാലിനെ അറിയിച്ചു. വിവാഹനിശ്ചയവും നടത്തി.
എന്നാൽ പിന്നീട്, നാഗലക്ഷ്മിയുടെ വീട്ടുകാർ പിന്മാറി. വീടുകൾ തമ്മിലെ അകലവും ഭാഷയുമായിരുന്നു അവർക്കു തടസ്സം. പക്ഷേ, ലാലിനെ കൈവിടാൻ നാഗലക്ഷ്മി തയാറായിരുന്നില്ലല്ല. വീട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് നാഗലക്ഷ്മി വീടുവിട്ടിറങ്ങുകയായിരുന്നു.