കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൈംബ്രാഞ്ചിന് ദിലീപ് കൈമാറിയ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 12 നമ്പറിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തതെന്നാണ് വിവരം.
നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിനെ ആശ്രയിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ, മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ വെച്ചാണ് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിച്ചത്.
ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. വിൻസെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുൻ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാൾ.
അഭിഭാഷകൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിൻസെന്റ് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകൻ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറൻസിക് ലാബ് ഏതാണെന്ന് അഭിഭാഷകൻ ചോദിച്ചതു പ്രകാരമാണ് താൻ അന്വേഷിച്ച് മറുപടി നൽകിയതെന്നും ഇയാൾ പ്രതികരിച്ചു.
ALSO READ- ‘ഇന്ത്യയിലേക്ക് മടങ്ങിവരണം’: ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന സായ് നികേഷ്; എംബസിയുമായി ബന്ധപ്പെട്ടു
കൊറിയർ മുഖേനയാണ് ആദ്യം ഫോണുകൾ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്. മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, ഫോണുകൾ വാങ്ങാനായി അഭിഭാഷകർ നേരിട്ട് മുംബൈയിലെത്തി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തുവെന്ന് ലാബ് ഉടമ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
Discussion about this post