ചെന്നൈ: ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നെന്ന് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സായ് നികേഷ്. ഇക്കാര്യം വീട്ടുകാരെ അറിയിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ സ്വദേശിയാണ് സായ് നികേഷ്.
കഴിഞ്ഞ ദിവസം വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു സായ് നികേഷ് ഇക്കാര്യം അറിയിച്ചത്. ‘കീവ് ഇന്‍ഡിപെന്‍ഡന്റ്’ എന്ന മാധ്യമം യുവാവിന്റെ ചിത്രങ്ങളടക്കം പുറത്തുവിടുകയും അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ്, ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ടാംതീയതിയാണ് സായ് റഷ്യന്‍ അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തിന്റെ ഭാഗമായെന്ന കാര്യം സ്ഥിരീകരിക്കപ്പെടുന്നത്. ഇരുപത്തൊന്നുകാരനായ സായ് നികേഷ് യുക്രൈനിലെ നാഷണല്‍ എയ്‌റോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ്.
ചെറുപ്പം മുതല്‍ തന്നെ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യപ്പെട്ടിരുന്ന അദ്ദേഹം രണ്ട് തവണ ആര്‍മിയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഉയര കുറവ് കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ മുന്നണിയില്‍ നിന്ന് നേരിട്ട് പോരാടണം എന്ന ആഗ്രഹത്തോടെയാണ് സായ് നികേഷ് രവിചന്ദ്രന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്.
ഇന്റര്‍ നാഷണല്‍ റീജിയന്‍ ഫോര്‍ ടെറിടോറിയല്‍ ഡിഫെന്‍ലായിരുന്നു സായ് നികേഷ് അംഗമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സൈനിക വിഭാഗമാണിത്. സൈന്യത്തില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പേര് മാറ്റുക ഉള്‍പ്പെടെ ചെയ്തിരുന്നു.
2018ലാണ് സായ് നികേഷ് യുക്രൈനിലെ എയറോ സ്പേസ് സര്‍വ്വകലാശാലയില്‍ ചേരുന്നത്. 2022 ഓടെ ഖാര്‍കിവില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനിരിക്കുകയായിരുന്നു. അതിനിടെയാണ് റഷ്യന്‍-യുക്രെയിന്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. തുടര്‍ന്ന് യുക്രൈനെ പിന്തുണച്ച് രാജ്യത്തിന്റെ അര്‍ദ്ധസൈനിക വിഭാത്തില്‍ ചേര്‍ന്നു. പല തവണ ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ സായ് നികേഷിന്റെ കോയമ്പത്തൂരിലെ വീട്ടിലെത്തിയിരുന്നു. റൂമിന്റെ ഭിത്തിയിലെല്ലാം തന്നെ സൈനികരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. പ്ലസ്ടുവിന് ശേഷമാണ് സായ് നികേഷ് ആദ്യമായി സൈന്യത്തില്‍ ചേരാന്‍ ശ്രമം നടത്തിയത്.
പിന്നീട് അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ തനിക്ക് അവസരമുണ്ടോ എന്നറിയാന്‍ അദ്ദേഹം ഒരിക്കല്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിനെ സമീപിച്ചതായി ഒരു കുടുംബ സുഹൃത്തും പറഞ്ഞു. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് 2018 സെപ്റ്റംബറില്‍ ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയില്‍ ചേരുന്നത്.
കോഴ്സിന് ചേര്‍ന്നതിന് ശേഷം സായ് നികേഷ് സൈന്യത്തില്‍ ചേരുന്നതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്ന് കുടുംബം പറയുന്നു. 2022 ഓടെ ഖാര്‍കിവില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് തിരിച്ചുവരാനിരിക്കുകയായിരുന്നു. അതിനിടെയാണ് റഷ്യന്‍ -യുക്രെയിന്‍ യുദ്ധം പൊട്ടിപുറപ്പെടുന്നത്. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല.
തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു. അതുവഴി സായ് നികേഷിനെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്.