പോത്തന്‍കോട്: കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം.
അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം.
ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.
ജിഹാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശ നല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.
Discussion about this post