തിരുവനന്തപുരം: ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിലായതിനു പിന്നാലെ മുത്തശ്ശിയും അറസ്റ്റിലായി. പോലീസ് പിടികൂടാനെത്തിയപ്പോൾ നടന്നതാകട്ടെ നാടകീയ സംഭവ വികാസങ്ങളും. അങ്കമാലി സ്വദേശിനി സിപ്സിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്സി വിവസ്ത്രയാകാൻ ശ്രമിക്കുകയും പോലീസുകാർക്ക് നേരേ അസഭ്യവർഷം നടത്തുകയുമായിരുന്നു.
അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സിപ്സി, പോലീസിന്റെ പിടിയിലായാൽ സ്വയം വസ്ത്രമുരിയുന്നതും അസഭ്യം പറയുന്നതും പതിവാണ്. പിടികൂടാനെത്തിയ പോലീസിന് നേരേ മലം എറിഞ്ഞ സംഭവവും ദേഹത്ത് മലം പുരട്ടി ഓടിരക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ശേഷം, ഏറെ പണിപ്പെട്ടാണ് പോലീസുകാർ ഇവരെ ശാന്തയാക്കിയത്.
കോഴിക്കോട് കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള ലാന്റ് റോവര്‍
ഭർത്താവ് ഉപേക്ഷിച്ച് പോയതോടെയാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസുമായി സിപ്സി അടുപ്പത്തിലാകുന്നത്. മകനെക്കാൾ പ്രായം കുറവുള്ള ഇയാൾക്കൊപ്പമായിരുന്നു പിന്നീടുള്ള താമസം. ഇക്കാലയളവിൽ പല മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്സി പ്രതിയായിട്ടുണ്ട്. സിപ്സിയുടെ മകൻ സജീവും പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉണ്ട്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിപ്‌സി പിടിയിലായത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവർവഴി ഒളിവിൽ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിന് നൽകിയ മൊഴി. സിപ്സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാൽ, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
അതേസമയം, പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സിപ്സിയെ ഉച്ചയോടെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവിടെവെച്ച് ഇൻസുലിനും എടുത്തു. തുടർന്ന് പ്രതിയെ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകിട്ടോടെ കൊച്ചിയിൽനിന്ന് വരുന്ന പോലീസ് സംഘത്തിന് പ്രതിയെ കൈമാറും.