വിഴിഞ്ഞം: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ടു കുട്ടികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ചെറുമണൽ തീരത്ത് താമസിക്കുന്ന ചിപ്പിത്തൊഴിലാളിയായ അബ്ദുൾ റഹ്മാൻ ആണ് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശികളായ നിസാമൂദിന്റെയും ഫാത്തിമയുടെയും മകൻ നിസാർ(13), ഉബൈദ് റഹ്മാന്റെയും ഫാത്തിമയുടെയും മകൻ മെഹ്‌റൂഫ്(12) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം തിരയിൽപ്പെട്ട വിഴിഞ്ഞം കപ്പച്ചാൽ വീട്ടിൽ പീരുമുഹമ്മദിന്റെ മകൻ സൂഫിയാനെ(12)യാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഹാർബർ റോഡിൽ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവിനു താഴെയുള്ള ചെറുമണൽ തീരത്താണ് വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.
കുറഞ്ഞ പലിശ നിരക്കില്‍ മാക്‌സിമം തുക: സ്ത്രീകള്‍ക്ക് കൈത്താങ്ങായി മാക്‌സ് വാല്യു
കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സമെന്റും തൊഴിലാളികളുമുൾപ്പെട്ടവർ തിരച്ചിലിനിറങ്ങി. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. വലിയ തിര വരുന്നതുകണ്ട് ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഭയന്ന് കരയിലേയ്ക്ക് ഓടിക്കയറി. അപ്പോഴേയ്ക്കും മൂന്നുപേരെ തിരയെടുത്തിരുന്നു. കരയ്ക്കു നിന്ന കുട്ടികൾ നിലവിളിച്ചതോടെയൊണ് സമീപത്തുള്ള മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ശ്രദ്ധിച്ചത്. സൂഫിയാനെ ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
തുടർന്നു നടത്തിയ തിരച്ചിലിൽ നിസാറിനെയും മെഹ്‌റൂഫിനെയും കടലിൽനിന്നു കണ്ടെടുത്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. മുഫീദ, മുഹ്‌സിന, സുഹൈബ് എന്നിവരാണ് മെഹ്‌റൂഫിന്റെ സഹോദരങ്ങൾ. നിസാനയാണ് നിസാറിന്റെ സഹോദരി. മൃതദേഹങ്ങൾ വിഴിഞ്ഞം ടൗൺഷിപ്പ് മസ്ജിദ് ഖബറിൽ സംസ്‌കരിക്കും. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. മരിച്ച നിസാർ വെങ്ങാനൂർ വി.പി.എസ്.എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയും മെഹ്‌റൂഫ് ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ്.
സൂഫിയാനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത് അബ്ദുൾ റഹ്മാന്റെ സമയോചിത ഇടപെടലിലാണ്. തിരയിൽപ്പെട്ട് വെള്ളത്തിലേയ്ക്ക് താഴ്ന്നുപോയ സുഫിയാനെ വലിച്ച് കയറ്റിയപ്പോഴേയ്ക്കും അവശനായിരുന്നു. മനോധൈര്യം കൈവിടാതെ കുട്ടിയെ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് തീരത്തേയ്ക്ക് ഓടി. അറിയാവുന്ന പ്രാഥമിക ശുശ്രൂഷ നൽകി ജീവൻ തിരികെ പിടിച്ചു.
ചെറുമണൽ തീരത്തുള്ള വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് രണ്ട് കുട്ടികൾ അലറിവിളിച്ചുകൊണ്ട് വെള്ളത്തിൽ മുങ്ങിത്താഴുന്ന സുഫിയാനെ പിടിച്ചുയർത്താൻ ശ്രമിക്കുന്നത് കണ്ടതെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞു. ഉടനെ ഓടിയെത്തി കടലിൽ നിന്ന് സുഫിയാനെ ഉയർത്തിയെടുത്തു. അൽപ്പംകൂടി വൈകിയിരുന്നുവെങ്കിൽ സുഫിയാനെയും തിരയെടുക്കുമായിരുന്നുവെന്നും അബ്ദുൾ റഹ്മാൻ പറയുന്നു.
Discussion about this post