അക്കൗണ്ടിലേക്ക് അധിക തുക എത്തി; അരലക്ഷത്തിലധികം രൂപ അധികൃതര്‍ക്ക് കൈമാറി മാതൃകയായി വീട്ടമ്മ

മങ്കര: തന്റെ സേവിംഗ്സ് അക്കൗണ്ടിലെത്തിയ അര്‍ഹതപ്പെടാത്ത തുക അധികാരികളെ ഏല്‍പ്പിച്ച് മാതൃകയായി വീട്ടമ്മ. മങ്കര കല്ലൂര്‍ കരടിമലക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തന്റെ അക്കൗണ്ടിലെത്തിയ 70,000 രൂപ തിരികെ വി.ഇ.ഒ. ബിന്ദു മോഹന്‍ദാസിനെ ഏല്പിച്ചത്.

ശ്യാമയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുനിര്‍മാണത്തിനുള്ള ധനസഹായം ലഭിച്ചിരുന്നു. വീടുനിര്‍മാണം നടന്നുവരികയാണ്. മൂന്നാമത്തെ ഗഡു ചുമര്‍പണി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുമെന്ന് വി.ഇ.ഒ. പറഞ്ഞിരുന്നു. മൂന്നാംഗഡു 48,000 രൂപയാണെന്നും പറഞ്ഞിരുന്നു.

എന്നാല്‍, പണി നടക്കവേ അക്കൗണ്ടില്‍ 70,000 രൂപ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ട് നമ്പര്‍ മാറിയെത്തിയതാണെന്ന് മനസ്സിലായത്.

പറളി പഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് ലഭിക്കേണ്ട പണമാണ് ശ്യാമയുടെ അക്കൗണ്ടിലേക്ക് കയറിയത്. തുടര്‍ന്ന്, ശ്യാമ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് വെള്ളിയാഴ്ച രാവിലെ വി.ഇ.ഒ.യ്ക്ക് കൈമാറി. പണം ബ്ലോക്ക് അധികാരികള്‍ക്ക് കൈമാറിയതായി വി.ഇ.ഒ. അറിയിച്ചു.

Exit mobile version