കൊടുങ്ങല്ലൂർ: രണ്ട് കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ജീവനക്കാർക്ക് നേരെ നാട്ടുകാരുടെ ആക്രമണം. വൈദ്യുതി കാലിന് മുകളിൽ കയറി തകരാറ് തീർക്കുകയായിരുന്ന ലൈൻമാനെ കല്ലെറിഞ്ഞ് വഴ്ത്തി. പരിക്കേറ്റ ലൈൻമാൻ ചികിത്സയിലാണ്. കല്ലേറിൽ തലക്ക് മുറിവേറ്റ് രക്തം വാർന്ന് താഴേക്ക് ഊർന്നിറങ്ങുന്നതിനിടെ നിലത്ത് വീണ് ലൈൻമാൻ കൈകൾക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറോടെ എസ്എൻ പുരം ഇരുപത്തിയഞ്ചാം കല്ലിന് പടിഞ്ഞാറ് വശമാണ് സംഭവം. ഭരതൻ എന്നയാളാണ് അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞതെന്ന് പറയുന്നു.
കെഎസ്ഇബി എസ്എൻ പുരം സെക്ഷനിലെ ലൈൻമാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂക്കാരൻ ഓമനകുട്ടനാണ് (48) ആക്രമണത്തിനിരയായത്. പരിക്കേറ്റ ഓമനകുട്ടനെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എൻ പുരം സെക്ഷൻ കീഴിൽ ജോലിചെയ്യുന്ന സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ടുപേർക്ക് നേരേയാണ് ബുധനാഴ്ച കൈയേറ്റമുണ്ടായത്. ഓമനക്കുട്ടനും സിഐടിയു യൂണിയൻ അംഗമാണ്. നേരത്തേ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന ആരോപണത്തിനടെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്.
Discussion about this post