അരുവിക്കര; ഫുട്‌ബോൾ കളിക്കിടെ കാലിനു പരുക്കേറ്റ കൊച്ചുമകനെ കാണാൻ ആരുമറിയാതെ എത്തി എം എൽ എ യും മുൻ മന്ത്രിയുമായ എംഎം മണി. അരുവിക്കര മൈലം ജിവി രാജ ഗവ.സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെത്തിലാണ് അപ്രതീക്ഷിത സന്ദർശനം. പതിനൊന്നു മണിയോടെ കാറിൽ സ്‌കൂളിൽ വളപ്പിലിറങ്ങി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ച ശുഭ്രവസ്ത്രധാരിയെ ആദ്യം മറ്റുള്ളവർക്കു മനസ്സിലായില്ല. മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.
ഇനി മോഡി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം ഗുജറാത്ത്
ആളെ മനസിലാക്കി എത്തിയപ്പോഴേക്കും വഴി ചോദിച്ച് മണി ആശാൻ നേരെ കൊച്ചുമകന്റെ ഹോസ്റ്റൽ മുറിയിലെത്തി. കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി കുശലം ചോദിച്ച് ഏതാനും നിമിഷമായപ്പൊഴേക്കും എംഎൽഎ എത്തിയ വാർത്ത സ്‌കൂളിൽ പരന്നു. പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ ഓടി ഹോസ്റ്റലിലെത്തി.
സ്വകാര്യ സന്ദർശനമാണെന്നും പ്രിൻസിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നും മണിയാശാൻ പറഞ്ഞു. എങ്കിലും ഓഫിസ് വരെയെത്തണമെന്ന പ്രിൻസിപ്പലിന്റെ ക്ഷണം സ്വീകരിച്ച് ഓഫീസിലെത്തി. ശിവജിയും ഒപ്പം കൂടി, നടക്കേണ്ടെന്ന മുത്തച്ഛന്റെ സ്‌നേഹപൂർവമായ വിലക്കൊന്നും കാര്യമാക്കാതെയാണ് അപൂപ്പനൊപ്പം നടന്നത്.
കോൺഫറൻസ് ഹാളിൽ അധ്യാപകരും ജീവനക്കാരുമൊക്കെ മണി ആശാൻ എത്തിയതറിഞ്ഞ് കാണാൻ വട്ടം കൂടി. കുറച്ചു നേരം ചെലവിട്ട ശേഷം അധികം വൈകാതെ മണി സ്‌കൂളിൽ നിന്നു മടങ്ങി. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ സ്‌കൂളിൽ ചേർന്ന ശിവജി, മണിയുടെ കൊച്ചുമകനാണെന്നത് അധികം പേർക്കും അറിവുണ്ടായിരുന്നില്ല. കോവിഡ് മൂലം ഏറെക്കാലവും നേരിട്ടുള്ള അധ്യയനം ഉണ്ടായിരുന്നില്ല.