ആരോടും ഒരക്ഷരം പോലും മിണ്ടാതെ കരയാതെ ആരുടെയും മുഖത്ത് പോലും നോക്കാതെ ഒരേ ഇരിപ്പ് ഇരിക്കുന്ന അമൽ ഇന്ന് കണ്ണീർ കാഴ്ചയാവുകയാണ്. ഈ മാസം 6ന് എംസി റോഡിലുണ്ടായ അപകടത്തിലാണ് അമലിന് തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടത്. രണ്ടു സഹോദരങ്ങളെയും നേരത്തേ നഷ്ടപ്പെട്ട അമൽ ഇതോടെ അനാഥനായി.
ഉറ്റവരെ കവര്‍ന്ന ദുരന്തമുഖത്ത് രാഹുല്‍ എത്തി, ഒന്നും അറിയാതെ: ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
അച്ഛന്റെയും അമ്മയുടെയും മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുന്നത് കണ്ണീർ കാഴ്ചയായി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ സമീപത്ത് ഇരുന്ന് പറയുന്നുണ്ട്. മാതാപിതാക്കളെ ഓരോ അണുവിലും സ്‌നേഹിച്ച മകൻ, ‘അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നടന്ന കൊച്ചാണ് ; അത് എങ്ങനെ സഹിക്കുമെന്നും കൂട്ടത്തിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു.
സഹോദരങ്ങളായ ഏബലും സിറിലും മുൻപേ തന്നെ വിടപറഞ്ഞിരുന്നുവെങ്കിലും ആ നഷ്ടം അമലിനെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. അത്രമേൽ സ്‌നേഹം നൽകിയാണ് അമലിനെ വളർത്തിയത്. ഇപ്പോൾ കുടുംബത്തിൽ തുണയായ അച്ഛനും അമ്മയും കൂടെ അപ്രതീക്ഷിതമായി വിടപറഞ്ഞതിന്റെ ആഘാതത്തിലാണ് 17കാരനായ അമൽ.
സഹോദരനായ സിറിൽ 2010ൽ രണ്ടാമത്തെ വയസ്സിലാണു മരിച്ചത്. ഏബൽ ഏഴാമത്തെ വയസ്സിൽ 2019ലും. രോഗങ്ങളാണ് ഇരുവരുടെയും ജീവൻ കവർന്നത്. അമലിന്റെ മാതാപിതാക്കൾ കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബിയും അമലിനെ വീട്ടിലാക്കി ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകൾക്കായി ഇരവിപേരൂരിലേക്കു പോകുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചാണ് ഇരുവരും മരിച്ചത്.