തിരുവനന്തപുരം: പ്രിയപ്പെട്ടവരെ അവസാനമായി യാത്രയാക്കാന്‍ രാഹുല്‍ നാട്ടിലേക്കെത്തി. അയന്തി പന്തുവിളയില്‍ രാഹുല്‍ നിവാസില്‍ അഗ്നിബാധയില്‍ മരിച്ച മാതാപിതാക്കള്‍ അടക്കമുള്ള ഉറ്റവരെ അവസാന നോക്കിന് കഴിഞ്ഞ ദിവസം രാത്രിയാണ് ഗള്‍ഫില്‍ നിന്നും ഭാര്യയോടും മക്കള്‍ക്കുമൊപ്പം എത്തിയത്.
ചൊവ്വ പുലര്‍ച്ചെ നടന്ന അപകടത്തില്‍ അയന്തി പന്തുവിളയില്‍ ആര്.പ്രതാപന്, ഭാര്യ ഷെര്‍ളി, മകന് അഹില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ മകന് എട്ടുമാസം പ്രായമുള്ള റയാന് എന്നിവരാണ് മരിച്ചത്.
അഭിരാമിയുടെ ഭര്‍ത്താവും രാഹുലിന്റെ സഹോദരനുമായ നിഹുല്‍ ഇപ്പോഴും ആശുപത്രിയില്‍ പൊള്ളലേറ്റ പരുക്കുകളോടെ തുടരുകയാണ്. വീട്ടില്‍ തീപടര്‍ന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ നാട്ടിലെത്തിയത്. അയന്തി പന്തുവിളയില്‍ പണിത സ്വന്തം വീടായ സ്നേഹതീരത്ത് എത്തിയപ്പോള്‍ മാത്രമാണ് പ്രിയപ്പെട്ടവര്‍ ഇനി ഇല്ല എന്ന് അറിയുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ചെലവഴിച്ചശേഷം കഴിഞ്ഞമാസം 21നാണ് രാഹുല്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
പ്രൗഢമായ വീടിന്റെ ഉള്ളമാകെ കത്തിപ്പടര്‍ന്നു കിടക്കുന്ന കാഴ്ച രാഹുലിനെ ആകെ തളര്‍ത്തി. അനുജന്മാരുടെ ബൈക്കുകള്‍ പോര്‍ച്ചില്‍ കത്തിക്കരിഞ്ഞു കിടക്കുന്നു. തിങ്കളാഴ്ച രാത്രിയില്‍ അച്ഛന് പാര്‍ക്ക് ചെയ്ത കാര്‍ മറുവശത്ത്. തൊടിയില്‍ അമ്മ നട്ടുനനച്ചിരുന്ന കറിവേപ്പും മുളക് ചെടികളും പുകപിടിച്ച് വാടി നില്ക്കുന്നു. രാഹുല്‍ ആ വീടും പരിസരവും നടന്നുകണ്ടു. വീടിനകത്ത് കയറാന്‍ അനുമതിയുണ്ടെന്ന് പോലീസ് അറിയിച്ചപ്പോള്‍ രാഹുല്‍ ആ വരാന്തയിലേക്ക് കയറി. ഒരുനിമിഷം നിന്ന ശേഷം തിരിച്ചിറങ്ങി നടന്നു.
ചൊവ്വാഴ്ച വെളുപ്പിനാണ് ബന്ധുക്കള്‍ അബുദാബിയിലുള്ള രാഹുലിനെ വിളിച്ച് വീട്ടുകാര്‍ക്ക് അപകടം പറ്റിയെന്നും പെട്ടെന്ന് എത്തണമെന്നും അറിയിച്ചത്. ഉടന്‍ തന്നെ ഭാര്യ ഹീരയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം പുറപ്പെട്ടു. രാത്രിയില്‍ വന്നിറങ്ങിയ ഇവരെ അപകടം നടന്ന വീട് കാണിക്കാതിരിക്കാനായി മറ്റൊരു വഴിയിലൂടെ ചുറ്റിച്ചാണ് വീട്ടിലെത്തിച്ചത്. അപകടം നടന്ന കുടുംബവീടിന് നൂറ് മീറ്റര്‍ അകലെയാണ് രാഹുല്‍ പുതുതായി വെച്ച ‘സ്നേഹതീരം’ വീട്. കുടുംബാംഗങ്ങളുടെ മരണ വിവരം മാധ്യമങ്ങളിലൂടെ ഇയാള്‍ അറിഞ്ഞിരിക്കും എന്നാണ് ബന്ധുക്കള്‍ കരുതിയത്. യാത്രയായതിനാല്‍ രാഹുല്‍ ഒന്നും അറിഞ്ഞിരുന്നില്ല.
അമ്മയെവിടേ..?’ വന്നിറങ്ങിയ ഉടന്‍ രാഹുല്‍ ചോദിച്ചു. ആ വീടും പരിസരവും അപ്പോള്‍ ഉത്തരം പറയാനാകാതെ വിങ്ങി നിന്നു. ഒരു അടുത്ത ബന്ധു പതിയെ പറഞ്ഞു-‘എല്ലാം കൈവിട്ടു പോയി മോനേ..’. എല്ലാം കേട്ട് തരിച്ച് നിന്ന് രാഹുലിനെ
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീര് വാര്‍ത്തു.
Discussion about this post