കൽപ്പറ്റ; കൽപ്പറ്റയിൽ ടി. സിദ്ദിഖിന്റെ എം.എൽ.എ. ഓഫീസിൽ തന്റെ ധാരാളം ഫോട്ടോകൾ സ്ഥാപിച്ചതിലുള്ള അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധി രംഗത്ത്. കുറെ ചിത്രങ്ങൾ വേണ്ടതില്ലെന്നും വേണമെങ്കിൽ ഒരെണ്ണം വെയ്ക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഓഫീസ് ഉദ്ഘാടനം ചെയ്തത് സ്ഥലം എം.പി. കൂടിയായ രാഹുലായിരുന്നു.
താൻപറയുന്ന കാര്യം സിദ്ദിഖിന് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന മുഖവുരയോടെയാണ് പ്രസംഗത്തിന്റെ അവസാനം രാഹുൽ അനിഷ്ടം പ്രകടിപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം ഓഫീസ് കാണുന്നതിനിടയിലും തന്റെ ചിത്രങ്ങൾ ഇത്രയധികം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം നേതാക്കളോട് സൂചിപ്പിച്ചിരുന്നു.
രാഹുൽ ഗാന്ധി പറയുന്നു;
”എന്റെ ചിത്രങ്ങൾ ധാരാളമായി എം.എൽ.എ. ഓഫീസിനുള്ളിൽ തൂക്കിയത് കണ്ടു. അതിന്റെ ആവശ്യമില്ലായിരുന്നു. എന്റെ കുറേ ചിത്രങ്ങൾ ഇങ്ങനെ കാണുന്നത് എനിക്കിഷ്ടമല്ല. വേണമെങ്കിൽ ഒരെണ്ണമൊക്കെ വെക്കാം. എന്റെ ഫോട്ടോകൾ ഇങ്ങനെ കാണുന്നത് എനിക്കുതന്നെ അലർജിയാണ്. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. എങ്കിലും എന്റെ ഇഷ്ടമെന്താണെന്ന് എന്നെ ഇഷ്ടപ്പെടുന്നവരോട് തുറന്നുപറയേണ്ടതുണ്ട്.