കൊച്ചി: ലോക സഞ്ചാരി കെആർ വിജയൻ ബാക്കി വെച്ചു പോയ ജപ്പാൻ യാത്ര പൂർത്തീകരിക്കാൻ പ്രിയ പത്നി 70കാരി മോഹന ഒരുങ്ങുന്നു. 4 മാസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്നു വിജയൻ ലോകത്തോട് വിടപറഞ്ഞത്. റഷ്യൻ യാത്രയ്ക്കു ശേഷം തിരികെ എത്തിയപ്പോഴായിരുന്നു വിയോഗം. വൈകാതെ അടച്ചിട്ട കടയുടെ നടത്തിപ്പ് മോഹന ഏറ്റെടുത്തു. നവംബറിൽ വിജയന്റെ ഒന്നാം ചരമ വാർഷികത്തിനു ശേഷമായിരിക്കും ജപ്പാൻ യാത്ര നടത്തുന്നത്.
മുൻപത്തെ പോലെ യാത്രകൾക്കായി ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ ഒരു പങ്ക് മോഹന ഇപ്പോഴും മാറ്റിവയ്ക്കുന്നുണ്ട്. ആരോഗ്യമുണ്ടെങ്കിൽ യാത്ര തുടരണം. പറ്റുമെങ്കിൽ ഒരു ഇന്ത്യാ പര്യടനം കൂടി നടത്തണമെന്ന് മോഹന പറയുന്നു. തണുപ്പു പ്രയാസമാണ്.
ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയില്ല. മക്കൾക്കും മരുമക്കൾക്കും ഒപ്പമായിരിക്കും ജപ്പാൻ യാത്രയെന്നും മോഹന കൂട്ടിച്ചേർത്തു. ഇളയ മകൾ ഉഷയും ഭർത്താവ് മുരളീധരപൈയുമാണു കടയിൽ ഇപ്പോൾ മോഹനയുടെ സഹായത്തിനുള്ളത്. മോഹന സന്ദർശിക്കുന്ന 27ാമത്തെ രാജ്യമാകും ജപ്പാൻ.
ആഗ്രഹങ്ങൾ മാറ്റി വയ്ക്കാനുള്ളതല്ലെന്നും സ്വപ്നങ്ങൾക്കു പിറകെ സഞ്ചരിച്ചു വേണം ജീവിതം ആസ്വദിക്കാനെന്നും മോഹന പറയുന്നു. ‘കണ്ണുള്ളപ്പോഴേ കാണാൻ പറ്റൂ, ആരോഗ്യമുള്ളപ്പോഴേ പോകാൻ പറ്റൂ, വീട്ടിലിരുന്ന് എല്ലാം സമ്പാദിച്ചു കൂട്ടി വച്ചാലും പോകാൻ നേരത്തു കൈവീശി പോകണം.
ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നിറവേറ്റുക, ആഗ്രഹം ഇല്ലാത്ത മനുഷ്യരില്ല. പൈസയില്ലെങ്കിലും പോകാൻ മനസ്സ് വേണം, ആത്മധൈര്യം ഉണ്ടെങ്കിൽ എവിടെയും പോകാമെന്നു ചേട്ടൻ പറയും’, മോഹന കൂട്ടിച്ചേർത്തു.
Discussion about this post