തൃശൂര്‍: പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹ്യക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ പിരിവ് വാങ്ങിയെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പിരിവ് വാങ്ങിയെന്ന് ഏതെങ്കിലും സാമൂഹ്യപെന്‍ഷന്‍ ഗുണഭോക്താവില്‍ നിന്നും ഒരു പരാതി സഹകരണ വകുപ്പിന് ലഭിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പാലക്കാട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്തുത ബാങ്കിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്നും അത്തരം വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷനില്‍ നിന്നും ഒരു രൂപ പോലും കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കുറിച്ചു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ഫേയ്‌സ് ബുക്ക് പോസ്റ്റ്:
‘പാലക്കാട് പുതുശ്ശേരിയില്‍ സഹകരണ ബാങ്ക് വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സാമൂഹ്യക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ പിരിവ് വാങ്ങിയെന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഏതെങ്കിലും സാമൂഹ്യപെന്‍ഷന്‍ ഗുണഭോക്താവില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാതി സഹകരണ വകുപ്പിന് ലഭിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പാലക്കാട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പ്രസ്തുത ബാങ്കിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്നും അത്തരം വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുമ്പ് ഈ പ്രദേശത്ത് പെന്‍ഷന്‍ വിതരണം നടത്തിയിരുന്ന മറ്റൊരു സഹകരണ ബാങ്ക് പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ ഇടപെടലുകള്‍ വല്ലതും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ പെന്‍ഷനുകളും ലക്ഷകണക്കിനാളുകളുടെ കൈകളില്‍ കൃത്യസമയത്തിന് എത്തിക്കാന്‍ സഹകരണ മേഖല മുഖേന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ആയിരകണക്കിന് സഹകരണ ജീവനക്കാര്‍ അര്‍പ്പണ മനോഭാവത്തോടെ പ്രയത്‌നിച്ചാണ് 21 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളായി രണ്ടര വര്‍ഷത്തിനിടയില്‍ 8000 കോടിയോളം രൂപ പെന്‍ഷന്‍ ആയി യഥാസമയം എത്തിച്ചത്. കേരള സമൂഹത്തിന്റെയൊന്നാകെ അഭിനന്ദനം പിടിച്ചു പറ്റിയ പ്രവര്‍ത്തനം ആയിരുന്നു ഇത് . എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചു വച്ച് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, ഏതോ ഒരു ജീവനക്കാരന്‍ കാണിച്ച അലംഭാവത്തിന്റെ പേരില്‍ കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിച്ചത് കഷ്ടമായിപ്പോയി. അതേസമയം പെന്‍ഷനില്‍ നിന്നും ഒരു രൂപ പോലും കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഇപ്പൊ വന്ന വീഴ്ച പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കും.
Discussion about this post