പാലക്കാട്: ചേറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനെത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്. കേണല്‍ ഹേമന്ത് രാജ് വീണ്ടും മലമ്പുഴയിലെത്തി.
ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ബാബുവിന്റെ വീട്ടിലെത്തിയത്. ബാബുവിനായി പ്രത്യേകം സമ്മാനവും അദ്ദേഹം കരുതിയിരുന്നു. ബാബുവിനും കുടുംബത്തോടുമൊപ്പം അല്‍പസമയം ചെവഴിച്ച ശേഷമാണ് ഹേമന്ത് രാജ് മടങ്ങിയത്.
കൂര്‍മ്പാച്ചി മലയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം ആശുപത്രിയില്‍ പ്രവേശിച്ച ബാബുവിനെ കാണാന്‍ അദ്ദേഹം എത്തിയിരുന്നു. എന്നാല്‍ അന്ന് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല.
ആശുപത്രിയില്‍ വെച്ച് പിന്നീട് വരാമെന്ന് ബാബുവിന് ഹേമന്ത് രാജ് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിച്ചാണ് അദ്ദേഹം ഇന്നലെ ബാബുവിനെ കാണാന്‍ മലമ്പുഴയിലെത്തിയത്. കഴിഞ്ഞ മാസമാണ് ബാബു കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയത്. 48 മണിക്കൂറിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്.
‘ഞങ്ങള്‍ക്ക് ബാബുവിനെ കാണണം. ഒപ്പം ആ നാട്ടുകാരെയും, ഞങ്ങള്‍ ജോലിയുടെ ഭാഗമായാണ് രക്ഷാ ദൗത്യം നിര്‍വഹിച്ചത്, എന്നാല്‍ ഞങ്ങളോടൊപ്പം വന്ന നാട്ടുകാരുടെ സേവനം അത്രമേല്‍ വലുതായിരുന്നു, അവരെയെല്ലാം നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കണം’. നേരത്തെ ഹേമന്ദ് രാജ് പറഞ്ഞിരുന്നു.
കഴിഞ്ഞമാസമാണ് കൂമ്പാച്ചി മല കയറിയ ബാബു മലയിടുക്കില്‍ കുടുങ്ങിയത്. രണ്ട് ദിവസത്തെ ആര്‍മി സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബാബു വീണ്ടും ജീവിതത്തിലേക്കെത്തിയത്.