ബംഗളൂരു: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ ബംഗളൂരു പോലീസ് സംരക്ഷണം
തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍. തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി പികെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്ല്യാണിയാണ് പ്രണയ വിവാഹിതരായ തനിക്കും ഭര്‍ത്താവിനും മന്ത്രിയായ അച്ഛനില്‍ നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയത്.
ജയകല്യാണിയും(24) സതീഷ്‌കുമാറും(27) ഏതാനും ദിവസം മുമ്പാണ് വിവാഹിതരായത്. ആറുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്ന് ജയകല്യാണി പറഞ്ഞു. ഇതരസമുദായാംഗമായ സതീഷ് കുമാറുമായുള്ള മകളുടെ വിവാഹത്തെ ശേഖര്‍ ബാബു എതിര്‍ത്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ആരേയും അറിയിക്കാതെ ജയകല്യാണിയും സതീഷ് കുമാറും വിവാഹിതരാകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഇരുവരെയും പിടികൂടുകയും സതീഷ് കുമാറിനെ രണ്ടുമാസത്തോളം പോലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്‌തെന്ന് ജയകല്യാണി പറഞ്ഞു. ഇതിനുപുറകില്‍ ശേഖര്‍ ബാബുവാണെന്നും ആരോപിച്ചു.
കര്‍ണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് കഴിഞ്ഞദിവസം ഇവര്‍ വിവാഹിതരായത്. തനിക്കും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരേ ശേഖര്‍ ബാബുവില്‍ നിന്ന് ഭീഷണിയുണ്ട്. തമിഴ്നാട്ടിലേക്ക് മടങ്ങിച്ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്നും ഇവര്‍ പറയുന്നു. തമിഴ്നാട്ടിലെ ഹിന്ദുമത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രിയാണ് പികെ ശേഖര്‍ ബാബു.
മകളെ കാണാനില്ലെന്നാരോപിച്ച് മന്ത്രി പോലീസില്‍ പരാതി നല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് ഭീഷണി സന്ദേശം. വിവാഹിതരായെന്ന് അറിഞ്ഞത് മുതല്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഉണ്ടായെന്ന് ജയകല്ല്യാണി പറയുന്നു.
‘ഇതിന് പിന്നില്‍ എന്റെ പിതാവിന്റെ പങ്ക് ഞാന്‍ സംശയിക്കുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്, ഞങ്ങള്‍ ഇരുവരും പരസ്പരം സ്നേഹിക്കുകയും വിവാഹിതരാവുകയും ചെയ്തു. ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു, അതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ ബംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു,’ ജയകല്ല്യാണി പറയുന്നു.